കല്‍പ്പറ്റ: ജനവാസമേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തില്‍ കൂടുതല്‍ പരിശോധനയുമായി വനം വകുപ്പ്. പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടെനഖങ്ങളും രോമം കണ്ടെത്തി.
പുലിക്ക് സാരമായി പരിക്കേറ്റിറ്റുണ്ടാവാമെന്ന നിഗമനത്തിൽ വനംവകുപ്പ് പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയെങ്കിലും പുലിയെയും കടുവയെയും കണ്ടെത്താനായില്ല. വന്യമൃഗങ്ങളുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ താഴെ വീണു കിടക്കുന്ന പുലിയുടെ മുകളിൽ കയറി ആക്രമിക്കുന്ന കടുവയെയാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
വനംവകുപ്പ് മേപ്പാടി റാപ്പിഡ് റെസ്പോൺസ് ടീമും മുട്ടിൽ സെക്ഷൻ അധികൃതരും ചേർന്നാണ് പരിശോധന നടത്തിയത്. കടുവയും പുലിയും നേരിൽ ഏറ്റുമുട്ടുന്നത് അപൂർവമാണെന്ന് വനംവകുപ്പധികൃതർ പറഞ്ഞുഏറ്റുമുട്ടലുണ്ടായതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് വനംവകുപ്പ് കാമറകളും സ്ഥാപിച്ചു. പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണം തുടരുമെന്നും വനംവകുപ്പധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.15-ഓടെ പെരുന്തട്ട ഹെൽത്ത് സെന്ററിനുസമീപം എൽസ്റ്റൺ എസ്റ്റേറ്റിലായിരുന്നു സംഭവം.
വലിയ ശബ്ദംകേട്ടാണ് വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രദേശവാസികൾക്ക് മനസ്സിലായത്. തുടര്‍ന്നാണ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയത്.തിങ്കളാഴ്ച സമീപപ്രദേശങ്ങളായ ചുണ്ടവയലിൽ കടുവയെയും കണ്ണൻചാത്തിൽ പുലിയെയും കണ്ടിരുന്നു. രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇവയാണോ പെരുന്തട്ട എൽസ്റ്റൺ എസ്റ്റേറ്റിൽ എത്തിയതെന്നും സംശയമുണ്ട്.