തമാശയുടെ പലതരത്തിലുള്ള വേര്‍ഷനുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമായിരുന്നു…ആദ്യത്തെ തമാശയില്‍ നിന്ന് കൊള്ളയും കൊലപാതകവും വരെ ടിക് ടോക്കിന്റെ പേരു പറഞ്ഞ് നടക്കാന്‍ തുടങ്ങിയതോടെ കളി കാര്യമായി; ടിക് ടോക്കിന് ഇന്ത്യയില്‍ പൂട്ടുവീഴുമ്പോള്‍…

പുതിയ പുതിയ ആപ്ലിക്കേഷനുകളും ഗെയിമുകളും തുടക്കത്തില്‍ ആളുകള്‍ വിനോദത്തിനായി ഉപയോഗിക്കുന്നുവെങ്കിലും പിന്നീട് അതിന്റെ സ്വഭാവം മാറുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ ടിക് ടോക്കിന് ഇന്ത്യയില്‍ പൂട്ടുവീഴുന്നതിന് ഇടയാക്കിയതും സമാനമായ രൂപാന്തരത്വമാണ്. തുടക്കത്തില്‍ തമാശ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന ഈ ചൈനീസ് ആപ്ലിക്കേഷന്‍ പിന്നീട് അക്രമത്തിനും അശ്ലീലതയ്ക്കും വഴിവെച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ ഈ നിരോധനം.

തൃശ്ശൂര്‍ ചിയ്യാരത്ത് നീതു എന്ന പെണ്‍കുട്ടിയെ കാമുകന്‍ നിധീഷ് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിനു പിന്നിലും ടിക് ടോകിന്റെ കൈ ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. രക്തം കുടിക്കുന്ന ദമ്പതികള്‍ എന്ന പേജില്‍ ഇരുവരും ചേര്‍ന്ന് നിരവധി വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്ന ആരോപണവും ടിക് ടോക്കിനെതിരേ ഉയര്‍ന്നിരുന്നു.

അശ്ലീലതയുടെ അതിപ്രസരവും ടിക് ടോക്കിനെതിരേ ആരോപണമുയരാന്‍ കാരണമായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ലീല അംഗവിക്ഷേപങ്ങളും അവരുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുമുള്ള വീഡിയോകള്‍ ടിക് ടോക്കില്‍ സജീവമായിരുന്നു. ടിക്-ടോക് ചിത്രീകരണത്തിനിടെ നിരവധി ആളുകള്‍ക്ക് ജീവനും നഷ്ടമായി. തേച്ച കാമുകനെ പച്ചത്തെറി വിളിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ ഇട്ട വീഡിയോകള്‍ വരെ വൈറലായി. ഒരു വീഡിയോ തരംഗമായാല്‍ അതുമായി ബന്ധപ്പെട്ട വീഡിയോകള്‍ ആളുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ പലപ്പോഴും സഭ്യതയുടെ അതിര്‍ വരമ്പു ലംഘിക്കാനും തുടങ്ങി.

ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ പ്രചാരം നേടുകയായിരുന്നു മ്യൂസിക്കലി, ടിക് ടോക്ക് വിഡിയോ ബ്രോഡ്കാസ്റ്റിങ് ആപ്പുകള്‍. ടിക് ടോക്കും മ്യൂസിക്കലിയും ലയിച്ചതോടെയാണ് സംഗതി വന്‍ഹിറ്റായത്. വിഡിയോ പോസ്റ്റുകള്‍ അതിവേഗം വൈറല്‍ ആകുന്നതുകൊണ്ടു തന്നെ കൂടുതല്‍ ആകര്‍ഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങള്‍ക്കും ശ്രമങ്ങള്‍ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം ടിക്ടോകില്‍ ബാക്ഗ്രൗണ്ടാക്കി കൈയില്‍ ചെടിയോ തലയില്‍ ഹെല്‍മെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെന്‍ഡാക്കി ധാരാളം അനുകരണങ്ങള്‍ നടന്നു വന്നിരുന്നു.

ടിക് ലോക്കില്‍ ഫോളവേഴ്സിനെ കിട്ടാന്‍ ലക്ഷ്യമിട്ട് കൗമാര പ്രായക്കാര്‍ ചെയ്തു കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും നാടിനു തന്നെ തലവേദനയായിരിക്കുന്നു. വീടിനകത്തും പുറത്തും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുകയാണ്. ടിക് ടോക് ഡാന്‍സിനെതിരെ മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ടിക് ടോക് ഡാന്‍സുകള്‍ക്കെതിരെ പോസ്റ്റ് ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു. നാട്ടുകാരെ കളിയാക്കിയും വഞ്ചിച്ചും ബുദ്ധിമുട്ടിച്ചും വിഡിയോ പകര്‍ത്തുന്നവരുടെ ലക്ഷ്യം ടിക് ടോക്കിലെ ആരാധകരെയായിരുന്നു. ടിക് ടോക്കില്‍ ഹിറ്റായ ഒന്നാണ് ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ..’ ജാസി ഗിഫ്റ്റിന്റെ ഈ പാട്ട് പുനരാവിഷ്‌കരിക്കുന്നത് അല്‍പം കടന്ന മാര്‍ഗത്തിലാണെന്ന് മാത്രം. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് യുവാക്കളും യുവതികളും ടിക് ടോക്ക് വിഡിയോ പകര്‍ത്തിയിരുന്നത്.

ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് 2016 സെപ്റ്റംബറിലാണ് ലോഞ്ച് ചെയ്യുന്നത്. വിദേശ മാര്‍ക്കറ്റുകളിലേക്ക് എത്തിത്തുടങ്ങിയത് 2017 മുതലും. 2018ല്‍ യുഎസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന ബഹുമതി ഈ ആപ്ലിക്കേഷന് ലഭിക്കുകയുണ്ടായി. 15 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഈ ആപ്ലിക്കേഷനില്‍ നിര്‍മ്മിച്ച് ഷെയര്‍ ചെയ്യാന്‍ കഴിയും. ആഗോളതലത്തില്‍ 500 ദശലക്ഷം ഡൗണ്‍ലോഡ് ഈ ആപ്ലിക്കേഷനുണ്ട്. ഇപ്പോള്‍ ഗൂഗിള്‍ ഇന്ത്യ പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ മാറ്റിയതോടെ ടിക് ടോക്ക് മാനിയയ്ക്ക് താല്‍ക്കാലികമായെങ്കിലും അവസാനമായിരിക്കുകയാണ്.

Related posts