ചാ​ടി​ത്തി​ള​ങ്ങി ന​യ​ന, വെ​യി​ലേ​റ്റു വാ​ടി ടി​ന്‍റു

tintuസു​വ​ര്‍ണ മോ​ഹ​ങ്ങ​ള്‍ വെ​യി​ലേ​റ്റു വാ​ടി രാ​ജ്യാ​ന്ത​ര താ​രം ടി​ന്‍റു ലൂ​ക്ക ട്രാ​ക്കി​ല്‍ കു​ഴ​ഞ്ഞു വീ​ണ​പ്പോ​ള്‍ ലോം​ഗ് ജം​പി​ല്‍ കു​തി​ച്ചു ചാ​ടി മ​ല​യാ​ളി താ​രം ന​യ​ന ജ​യിം​സ് സ്വ​ര്‍ണ മെ​ഡ​ല​ണി​ഞ്ഞു. പ​ട്യാ​ല​യി​ലെ കൊ​ടും ചൂ​ടി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​നാ​കാ​തെ​യാ​ണ് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ര​ണ്ടാം ദി​വ​സം അ​ര്‍ജു​ന അ​വാ​ര്‍ഡ് ജേ​താ​വ് ടി​ന്‍റു ലൂ​ക്ക കു​ഴ​ഞ്ഞു വീ​ണ​ത്. വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ കൂ​ടി​യാ​യ ടി​ന്‍റു മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ലാ​പ്പി​ല്‍ 350 മീ​റ്റ​ര്‍ പി​ന്നി​ടു​മ്പോ​ഴേ​ക്കും ട്രാ​ക്കി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ടി​ന്‍റു​വി​നു പി​ന്നാ​ലെ 800 മീ​റ്റ​റി​ല്‍ പ​ങ്കെ​ടു​ത്ത ര​ണ്ടു താ​ര​ങ്ങ​ള്‍ക്കു കൂ​ടി ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കാ​നാ​യി​ല്ല. ഡ​ല്‍ഹി​യു​ടെ മോ​ണി​ക്ക ചൗ​ധ​രി, ത​മി​ഴ്നാ​ടി​ന്‍റെ ഗോ​മ​തി മാ​രി​മു​ത്തു എ​ന്നി​വ​രാ​ണ് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​നാ​കാ​തെ പി​ന്‍വാ​ങ്ങി​യ​ത്. മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ 40 ഡി​ഗ്രി​ക്കു മു​ക​ളി​ലാ​യി​രു​ന്നു പ​ട്യാ​ല​യി​ലെ ചൂ​ട്. വ​നി​ത​ക​ളു​ടെ 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ പ​ഞ്ചാ​ബി​ന്‍റെ ക​രം​ജീ​ത് കൗ​ര്‍ സ്വ​ര്‍ണം നേ​ടി. മ​ല​യാ​ളി താ​രം ബി. ​സൗ​മ്യ​യാ​ണു ര​ണ്ടാം​സ്ഥാ​ന​ത്ത്.

ക​ണ്ണി​ല്‍ ഇ​രു​ട്ടുക​യ​റി ടി​ന്‍റു

പ​ട്യാ​ല​യി​ലെ ക​ടു​ത്ത ചൂ​ടാ​ണ് ടി​ന്‍റു​വി​നെ വീ​ഴ്ത്തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ശ്വാ​സത​ട​സം നേ​രി​ട്ടി​രു​ന്നു. ചൂ​ട് ത​ല​യ്ക്ക​ടി​ച്ച് ത​ന്‍റെ ക​ണ്ണി​ല്‍ ഇ​രു​ട്ടു ക​യ​റി​യ​തു പോ​ലെ​യാ​യി​രു​ന്നു എ​ന്നാ​ണ് ടി​ന്‍റു പ​റ​ഞ്ഞ​ത്.

ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ ഷി​പ്പി​നു​ള്ള പ്ര​ധാ​ന യോ​ഗ്യ​താ മ​ത്സ​ര​മാ​യി​രു​ന്നു ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ് എ​ങ്കി​ലും ദേ​ശീ​യ ചാ​മ്പ്യ​നാ​യ ടി​ന്‍റു​വി​ന്‍റെ ഏ​ഷ്യ​ന്‍ മോ​ഹ​ങ്ങ​ള്‍ക്ക് വീ​ഴ്ച ത​ട​സ​മാ​കി​ല്ല. 800 മീ​റ്റ​റി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​ള്ള അ​ര്‍ച്ച​ന ആ​ധ​വ് (2:05.66) സ്വ​ര്‍ണം നേ​ടി.

800ല്‍ ​മ​ല​യാ​ളി​ത്തി​ള​ക്കം

800 മീ​റ്റ​ര്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഡ​ല്‍ഹി മ​ല​യാ​ളി​യാ​യ അ​മോ​ജ് ജേ​ക്ക​ബ് സ്വ​ര്‍ണം നേ​ടി. 1:50.54 എ​ന്ന സ​മ​യ​ത്താ​ണ് അ​മോ​ജ് ഫി​നി​ഷ് ചെ​യ്ത​ത്. കോ​ട്ട​യം രാ​മ​പു​രം സ്വ​ദേ​ശി​യാ​ണ് അ​മോ​ജ്. ജൂ​ണി​യ​ര്‍ ഏ​ഷ്യ​ന്‍ മീ​റ്റി​ലും 800 മീ​റ്റ​റി​ല്‍ അ​മോ​ജ് സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. മ​ല​യാ​ളി താ​ര​വും ഒ​ളി​മ്പ്യ​നു​മാ​യ ജി​ന്‍സ​ൺ ജോ​ണ്‍സ​ണാ​ണ് ( 1:50.83 ) 800 മീ​റ്റ​റി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യ​ത്. 800 മീ​റ്റ​ര്‍ ഫൈ​ന​ലി​ല്‍ മ​ത്സ​രി​ച്ച എ​ട്ടു പേ​രി​ല്‍ നാ​ലും മ​ല​യാ​ളി​ക​ളാ​യി​രു​ന്നു.

മ​ല​യാ​ളി​ക്കു​തി​പ്പി​നു സ്വ​ര്‍ണം

വ​നി​ത​ക​ളു​ടെ ലോം​ഗ് ജം​പി​ല്‍ മ​ല​യാ​ളി താ​രം ന​യ​ന ജ​യിം​സ് സ്വ​ര്‍ണം നേ​ടി. 6.55 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് ന​യ​ന സ്വ​ര്‍ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി​യാ​ണ് ന​യ​ന. 6.31 മീ​റ്റ​ര്‍ ചാ​ടി​യ മ​ല​യാ​ളി താ​രം വി. ​നീ​ന​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. പു​രു​ഷ വി​ഭാ​ഗം ലോം​ഗ് ജം​പി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള അ​ങ്കി​ത് ശ​ര്‍മ സ്വ​ര്‍ണം നേ​ടി. 7.80 മീ​റ്റ​ര്‍ ചാ​ടി​യ അ​ങ്കി​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ദേ​ശീ​യ റി​ക്കാ​ര്‍ഡ്. 7. 67 കണ്ടെത്തിയ മം​ഗ​ലാ​പു​രം സു​ള്ള്യ സ്വ​ദേ​ശി​യും മ​ല​യാ​ളി​യു​മാ​യ എ​സ്.​ഇ. ഷം​സീ​റി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

റി​ക്കാ​ര്‍ഡി​ട്ട് ശി​വ

പു​രു​ഷ വി​ഭാ​ഗം പോ​ള്‍വോ​ള്‍ട്ടി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള എ​സ്. ശി​വ ദേ​ശീ​യ റി​ക്കാ​ര്‍ഡ് നേ​ടി. 5.14 ഉ​യ​ര​ത്തി​ല്‍ ചാ​ടി​യ ശി​വ 2012ല്‍ ​മ​ല​യാ​ളി താ​രം കെ.​പി. ബി​മി​ന്‍റെ പേ​രി​ലു​ള്ള 5.13ന്‍റെ ​ദേ​ശീ​യ റി​ക്കാ​ര്‍ഡാ​ണ് പ​ട്യാ​ല​യി​ല്‍ ശി​വ തി​രു​ത്തി​യ​ത്. പ​ട്യാ​ല​യി​ലെ മ​ത്സ​ര​ത്തി​ല്‍ ബി​മി​ന്‍ പ​ന്ത്ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ത​ള്ള​പ്പെ​ട്ടു. പു​രു​ഷ​ന്‍മാ​രു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ പ​ഞ്ചാ​ബ് താ​ര​ം ത​ജീ​ന്ദ​ര്‍പാ​ല്‍ സിം​ഗ് സ്വ​ര്‍ണം നേ​ടി. പു​രു​ഷ വി​ഭാ​ഗം ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ദേ​ശീ​യ റി​ക്കാ​ര്‍ഡി​ന് ഉ​ട​മ​യാ​യ ഹ​രി​യാ​ന​യു​ടെ നീ​ര​ജ് ചോ​പ്ര സ്വ​ര്‍ണം നേ​ടി മീ​റ്റ് റി​ക്കാ​ര്‍ഡ് ത​ക​ര്‍ത്തു. 85.63 ദൂ​രം എ​റി​ഞ്ഞ നീ​ര​ജ് 2016ലെ ​മീ​റ്റ് റി​ക്കാ​ര്‍ഡാ​ണ് മ​റി​ക​ട​ന്ന​ത്.
മ​ല​യാ​ളി താ​രം കെ.​ടി. ഇ​ര്‍ഫാ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന പു​രു​ഷ വി​ഭാ​ഗം 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം ഉ​ള്‍പ്പ​ടെ ഇ​ന്ന് എ​ട്ട് ഫൈ​ന​ലു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

പ​ട്യാ​ല​യി​ല്‍ നി​ന്ന് സെ​ബി മാ​ത്യു

Related posts