ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരിയായ യുവതിക്കു ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം ഉണ്ടായ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ആദ്യം സംഭവം നിസാരവത്കരിച്ച പോലീസ് യുവതി തനിക്കു നേരിട്ട അനുഭവം സോഷ്യല്‍മീഡിയ വഴി പങ്കു വയ്ക്കുകയും ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തപ്പോഴാണ് മൂന്നാര്‍ പോലീസ് കേസെടുക്കാന്‍ തയാറായത്. യുവതി തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന നിലയിലെത്തിയതോടെയാണ് അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടത്.
മുംബൈയില്‍ അസി. പ്രഫസറായ ജാന്‍വി എന്ന യുവതിക്കാണ് മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരില്‍നിന്നു ദുരനുഭവം നേരിട്ടത്. ആലപ്പുഴയിലും കൊച്ചിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് യുവതി ഓണ്‍ലൈന്‍ ടാക്സിയില്‍ മൂന്നാറിലെത്തിയത്. എന്നാല്‍ ഇവര്‍ എത്തിയ വാഹനം മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിച്ചിട്ടുണ്ടെന്നും തദ്ദേശീയമായ ടാക്സി വാഹനങ്ങള്‍ മാത്രമേ സര്‍വീസ് നടത്താവും എന്നും നിബന്ധനയുണ്ടെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞത്. തുടര്‍ന്ന് യുവതിയും ഡ്രൈവര്‍മാരുമായി വാക്കേറ്റമുണ്ടായി. ഇതോടെ യുവതി സഹായത്തിനായി പോലീസിനെ വിളിക്കുകയായിരുന്നു.
എന്നാല്‍ സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതോടെ മൂന്നാര്‍ സന്ദര്‍ശനത്തിനു നില്‍ക്കാതെ യുവതി മറ്റൊരു വാഹനത്തില്‍ തിരികെ മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് യുവതി തനിക്കു നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ വന്‍ തുകയാണ് നിരക്കായി ആവശ്യപ്പെട്ടതെന്ന് യുവതി വീഡിയോയില്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ ഗതാഗത രീതി തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. തന്റെ അനുഭവം ഓണ്‍ലൈനില്‍ പങ്കുവച്ചതിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു.
കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. തനിക്കു കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ ഇനി കഴിയില്ലെന്നും ജാന്‍വി വിഡിയോയില്‍ പറയുന്നു. ഇതിനിടെ മൂന്നാറില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനൂകൂലമായ നിലപാടാണ് പോലീസും ജന പ്രതിനിധികളും സ്വീകരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടാക്സി ഡ്രൈവര്‍മാര്‍ മറ്റിടങ്ങളില്‍നിന്നും വരുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ തടയുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും ടാക്സി ഡ്രൈവര്‍മാരും പോലീസുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എ. രാജ എംഎല്‍എ പറഞ്ഞു.

