തിരുവനന്തപുരം: ടിപി കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സർക്കാർ.പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മേധാവി കത്തയച്ചു.
കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ വ്യക്തമാക്കാതെ “വിടുതൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയിൽ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്.
അതേസമയം, ഇക്കാര്യത്തിൽ വിശദീകരണവുമായി ജയിൽ എഡിജിപി ബൽറാംകുമാര്‍ ഉപധ്യായ രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി വ്യക്തമാക്കുന്നത്. മാഹി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവവർ ഉള്‍പ്പെട്ടിരുന്നു.
മാഹി ഇരട്ടക്കൊലക്കേസിൽ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം.
മാഹി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നൽകിയാൽ സുരക്ഷാ പ്രശ്നമുണ്ടോയെന്നാണ് കത്തിൽ ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
എന്നാൽ, സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കെ.കെ. രമ എംഎൽഎ രംഗത്തെത്തി. പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീംകോടതിയിൽ പോയി അപ്പീൽ വാങ്ങണമെന്ന് കെ.കെ. രമ പറഞ്ഞു.
20വര്‍ഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവുള്ളത്. എന്നാൽ, പലപ്പോഴായി പരോള്‍ അടക്കം നൽകി അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും കെ.കെ. രമ ആരോപിച്ചു.

