മെലാനിയയെ മ്ലാനമാക്കിയ ട്രംപിന്റെ വാക്കുകളെന്ത്? യുഎസ് പ്രഥമ വനിതയെ സ്വതന്ത്രയാക്കണമെന്ന ആവശ്യം ശക്തം! വീഡിയോ കാണാം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രഥമ വനിത മെലാനിയയില്‍ നിന്നും ഗിഫ്റ്റ് ബോക്‌സ് സ്വീകരിക്കുമ്പോഴുള്ള മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ മുഖഭാവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്ന വീഡിയോ. ആ വീഡിയോയുടെ തരംഗം പതിയെ മങ്ങുമ്പോള്‍ ചടങ്ങില്‍ നിന്നുള്ള മറ്റൊരു വീഡിയോയിലാണ് നവമാധ്യമ ഉപയോക്താക്കളുടെ  ഇപ്പോഴത്തെ ശ്രദ്ധ. ക്യാമറക്കണ്ണില്‍ പതിഞ്ഞ പ്രഥമ വനിത മെലാനിയയുടെ മുഖഭാവങ്ങളിലെ ചാഞ്ചാട്ടമാണ് ഏവരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

പ്രസന്നവതിയായി കാണപ്പെട്ട മെലാനിയയുടെ മുഖഭാവം മ്ലാനമാകുന്നതിന്റെ പല പതിപ്പുകളിലൂള്ള വീഡിയോ ഇതിനകം പുറത്തുവന്നു. മുന്‍നിരയില്‍ നിന്നിരുന്ന ട്രംപ് തലതിരിച്ച് എന്തോ പറഞ്ഞതിന് പിന്നാലെ ആയിരുന്നു മെലാനിയയുടെ ഭാവമാറ്റം. ട്രംപ് പറയുന്നതെല്ലാം ചിരിച്ചുകൊണ്ടാണ് മെലാനിയ കേള്‍ക്കുന്നത്. ഭാര്യയോട് സംസാരിച്ചതിന് ശേഷം ട്രംപ് സദസിനെ നോക്കിനില്‍ക്കുന്ന സമയത്ത് ചിരിതൂകി നിന്ന മെലാനിയയുടെ മുഖം മ്ലാനമാകുന്നു.

മെലാനിയയെ മ്ലാനമാക്കിയ ട്രംപിന്റെ വാക്കുകള്‍ എന്താണെന്നാണ് നവമാധ്യമ യൂസര്‍മാര്‍ ആരായുന്നത്. മെലാനിയയെ സ്വതന്ത്രമാക്കുക എന്ന അര്‍ത്ഥം വരുന്ന #freemelania എന്ന ഹാഷ്ടാഗ് പ്രചരണവും ആരംഭിച്ചിട്ടുണ്ട്. മാര്‍വ് വെയിന്‍ എന്ന ട്വിറ്റര്‍ യൂസറാണ് എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആദ്യം പുറത്തുവിട്ടത്. ചൊവ്വാഴ്ച്ച പുറത്തുവന്ന വീഡിയോ ഇതിനകം അരലക്ഷം ആളുകള്‍ റീട്വീറ്റ് ചെയ്തു. 65,000ത്തിലധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചു.

വൈറലായതിന് പിന്നാലെ യഥാര്‍ത്ഥ വീഡിയോ പിന്നോട്ടാക്കി കാണിച്ചതാണെന്ന് പരാതിപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും അതങ്ങനെയെല്ലെന്ന് തെളിയിച്ച് അതേ ദൃശ്യത്തിന്റെ വ്യത്യസ്ത വീഡിയോകള്‍ പുറത്തുവന്നു. മെലാനിയയോട് അനുകമ്പ കാട്ടിയും പ്രഥമ വനിതയെ ട്രോളിയും പോസ്റ്റുകള്‍ വന്നിട്ടുണ്ട്‌

Related posts