ട്രായ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ കോൾ നടത്തി ഡോക്ടർ ദമ്പതികളെ കുടുക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസിന്റെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടു.
ഡോക്ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും തുടർ നടപടികളുടെ ഭാഗമായി ലൈവ് വാട്സ് ആപ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നുമുള്ള കോൾ ആയിരുന്നു ലഭിച്ചത്.
വീഡിയോ കോളിലേക്ക് എത്തിയപ്പോൾ എതിർവശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്നാണു പരിചയപ്പെടുത്തിയത്. തുടർന്ന്, മറ്റൊരാൾ സിബിഐ ഉദ്യോഗസ്ഥൻ എന്നുപറഞ്ഞു വീഡിയോ കോളിൽ വന്നു. നിങ്ങൾ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉടൻ നല്കണമെന്നുമാണ് ഇവർ അറിയിച്ചത്.
അക്കൗണ്ടിലുള്ള പണം മുഴുവൻ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടൻ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഭീഷണിയോടെയും മാനസിക സമ്മർദം ചെലുത്തിയുമായിരുന്നു സംഘം സംസാരിച്ചത്.
സംശയം തോന്നിയതിനെത്തുടർന്ന് ദമ്പതികൾ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും പോലീസ് നൽകിയ കൃത്യമായ നിർദേശങ്ങളനുസരിച്ച് ഇടപെടൽ നടത്തുകയും ചെയ്തതോടെ തട്ടിപ്പ് സംഘത്തെ ഒഴിവാക്കാൻ സാധിച്ചു.
പണം കൈമാറുന്നതിനു മുന്പ് തട്ടിപ്പ് ശ്രമം തടയാനായത് ആശ്വാസകരമായി. നിലവിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പൊതുജനങ്ങൾ ഇത്തരം വ്യാജ ഫോൺ, വീഡിയോ കോളുകളോട് അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് അറിയിച്ചു.

