പെൺകരുത്തൊന്ന് അറിയേണ്ടതുതന്നെയാണ്. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാക്കാസിറ്റി കൽക്കുടിയംകാനത്തെ തമ്പുഴവളവിൽ അപകട ഭീഷണിയായി നിന്ന രണ്ടു മരക്കുറ്റികളും സ്ത്രീകളുടെ നേതൃത്വത്തിൽ പിഴുതുമാറ്റി.
ഏറെ നാളായി റോഡരികിൽ ഭീഷണിയായി നിന്ന വൻമരം രണ്ടു വർഷങ്ങൾക്ക് മുമ്പാണ് വനപാലകരുടെ നേതൃത്വത്തിൽ വെട്ടിമാറ്റിയത്. അതിന്റെ കുറ്റി പിഴുതുമാറ്റിയിരുന്നില്ല. അപകടാവസ്ഥയിൽ നിൽക്കുന്ന മരക്കുറ്റികൾ പിഴുതുമാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ രംഗത്തെത്തുകയും കുടുംബശ്രീ പ്രവർത്തകർ പരാതികൾ നൽകുകയും ചെയ്തിരുന്നു.
സമീപത്തെ വീട്ടമ്മമാർ മരക്കുറ്റി പിഴുതുമാറ്റാൻ രംഗത്തുവന്നതോടെ വനംവകുപ്പധികൃതർ സമീപവാസിയായ ഇരുപുളം കാട്ടിൽ അംബിക ഷാജിയെ ചുമതല എൽപ്പിച്ചു. അംബികയുടെ നേതൃത്വത്തിൽ സമീപത്തുള്ള സ്ത്രീകൾ ചേർന്ന് മണ്ണ് മാറ്റി രണ്ട് കുറ്റികളിൽ ഒന്ന് നീക്കം ചെയ്തു. രണ്ടാമത്തെ കുറ്റി പിഴുതുമാറ്റാനുള്ള ശ്രമം നടക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ കുറ്റി പൂർണമായും മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഇരുചക്രവാഹന യാത്രികരക്കടക്കം നിരവധി പേർ വളവിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്തു. സ്കൂൾ ബസുകളും ടൂറിസ്റ്റ് വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മൂന്നാർ – രാജാക്കാട് – തേക്കടി റോഡിന്റെ ഭാഗമായുള്ള രാജാക്കാട് വാക്കാസിറ്റി റോഡിലാണ് വൻ മരക്കുറ്റികൾ ഭീഷണിയായി നിന്നിരുന്നത്. അടുത്തനാളിലും ഒരു ബൈക്കും ഓമ്നി വാനും തമ്മിൽ ഇവിടെ കൂട്ടിയിടിച്ചതിനെത്തുടർന്നാണ് കുറ്റി പറിക്കാൻ സ്ത്രീകൾ മുന്നിട്ടിറങ്ങിയത്.

