തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധിക്ക് പരിഹാരമായി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു. ഹൈദരാബാദില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്.ലത്തോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണങ്ങളും അനുബന്ധ സാധനസാമഗ്രികളുമാണ് എത്തിച്ചത്. ഇതേത്തുടര്‍ന്ന് മാറ്റി വച്ച ശസ്ത്രക്രിയകള്‍ പുനഃരാരംഭിച്ചു .
മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലാണ് ആരോഗ്യവകുപ്പിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. തന്റെ മകന്റെ പ്രായമുള്ള രോഗിക്ക് ഉപകരണങ്ങളുടെ അഭാവം കാരണം ഓപ്പറേഷന് വൈകുന്നതും നിരവധി രോഗികളുടെ ഓപ്പറേഷന് ഉപകരണങ്ങളുടെ അഭാവത്തെ തുടര്‍ന്ന് റദ്ദാക്കിയ കാര്യവും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തരമായി ഉപകരണങ്ങള്‍ എത്തിച്ചത്.
അതേ സമയം ഡോക്ടര്‍ക്കെതിരേ ആരോഗ്യ വകുപ്പ് ആദ്യം നടപടിക്ക് ഒരുങ്ങിയെങ്കിലും പൊതുജന പിന്തുണ ഡോക്ടര്‍ക്ക് ലഭിച്ചത് കണ്ട് ആരോഗ്യ വകുപ്പ് പിന്മാറുകയായിരുന്നു. ഓപ്പറേഷന് വേണ്ട ഉപകരണങ്ങള്‍ വാങ്ങണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍, സൂപ്രണ്ട് എന്നിവര്‍ക്ക് ഏതാനും മാസങ്ങളായി രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ ഗൗനിക്കാതിരുന്നതാണ് ഡോക്ടറെ ചൊടിപ്പിച്ചത്. അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെയാണ് ആദ്യം വിമര്‍ശനം നടത്തിയത്.
പിന്നീട് മാധ്യമങ്ങളോട് മെഡിക്കല്‍ കോളജിലെ അവസ്ഥകളെക്കുറിച്ച് അദ്ദേഹം വിവരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ വകുപ്പ് മേധാവിമാര്‍ ഉള്‍പ്പെട്ടവരാണ് സമിതിയിലുള്ളത്.
സമിതി ഇന്നലെ മെഡിക്കല്‍ കോളജിലെത്തി വിവരശേഖരണം നടത്തിയിരുന്നു.അതേ സമയം ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം ആരോഗ്യ വകുപ്പിനെതിരേ രംഗത്ത് വന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.