വാഷിംഗ്ടൺ ഡിസി: ബ്രസീലിനെതിരേ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ റദ്ദാക്കി യുഎസ് സെനറ്റ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ, 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അധിക തീരുവ റദ്ദാക്കാനുള്ള ബിൽ പാസായത്.
ഭരണ അട്ടിമറി ശ്രമത്തിന്റെ പേരിൽ ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൾസനാരോയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ബ്രസീൽ സർക്കാരിന്റെ തീരുമാനത്തിൽ കുപിതനായാണ് ട്രംപ്, ബ്രസീലിന് മേൽ അധിക തീരുവ പ്രഖ്യാപിച്ചത്.
ചർച്ചയിൽ അഞ്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. കാനഡയ്ക്കെതിരായ ട്രംപിന്റെ താരിഫുകളും മറ്റ് രാജ്യങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ താരിഫുകളും അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണ നടപടികൾ ഈ ആഴ്ച അവസാനം വോട്ടിനിടുമെന്നാണ് പ്രതീക്ഷ.
ബ്രസീലിനെതിരായ താരിഫ് നടപടികളുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള യുഎസ് പ്രതിനിധി സഭയിലേക്ക് എത്തും. ഇവിടെ ഇത് തള്ളപ്പെടുമെന്നാണ് കരുതുന്നത്.

