കൊച്ചി: കൊച്ചിക്ക് കൗതുകമായി ഇരട്ടകളുടെ സംഗമം. ഓള് ട്വിന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന സംഗമത്തില്‍ ഒന്നര വയസ് മുതല്‍ 78 വയസ് വരെയുള്ള 160 ജോഡികളാണു പങ്കെടുത്തത്.
ഇതിനുപുറമെ നാല് ട്രിപ്പിള്‍ ജോഡികളും സംഗമത്തിന്റെ ഭാഗമായി. ഐഡന്റിക്കല്‍ ഇരട്ടകള്‍ മാത്രം പങ്കെടുത്ത പരിപാടി നഗരത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി.
സംസ്ഥാനത്തെ 14 ജില്ലകള്‍ക്കുപുറമെ കേരളത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ്നാട് സ്വദേശികളും പരിപാടിയില്‍ പങ്കെടുത്തു. 2018ല്‍ ഓള് കേരള ട്വിന്‍സ് അസോസിയേഷന് എന്നപേരില്‍ സമൂഹമധ്യമങ്ങളില്‍ ആരംഭിച്ച കൂട്ടായ്മ ഓള് ട്വിന്‍സ് അസോസിയേഷനായി വളരുകയായിരുന്നു.
റാന്നി സ്വദേശി വിശ്വാസ് എസ്. വാവോലില്‍ ആണ് സംഘടനയുടെ സ്ഥാപകനും നിലവില്‍ സെക്രട്ടറിയും. സംഗമത്തിന്റെ ഭാഗമായി ഇരട്ടകളുടെ വിവിധ പരിപാടികള്‍ അരങ്ങേറി. നിരവധിപേര്‍ അനുഭവങ്ങളും പങ്കുവച്ചു. രാജ്യത്തിനു പുറത്തുനിന്നുള്ളവരും സംഘടനയുടെ ഭാഗമാണ്. രാവിലെ 11ന് ആരംഭിച്ച പരിപാടി ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എംഎല്‍എ പ്രസംഗിച്ചു.