മോസ്കോ: യുക്രെയ്ന് സേനയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ നൊവ്റോസീസ്ക് തുറമുഖത്തുനിന്നുള്ള എണ്ണ കയറ്റുമതി നിർത്തിവച്ചു. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തിൽ തുറമുഖത്തിനും അതിനോടു ചേർന്നുള്ള എണ്ണശുദ്ധീകരണ ശാലയ്ക്കും വലിയ നാശനഷ്ടമുണ്ടായി എന്നാണു റിപ്പോർട്ട്.
കരിങ്കടൽ തീരത്തെ നൊവ്റോസീസ്ക് തുറമുഖത്തുനിന്നാണ് റഷ്യ പല ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ, പാർപ്പിട സമുച്ചയങ്ങൾ എന്നിവയ്ക്കും ഡ്രോൺ ആക്രമണത്തിൽ കേടുപാടുണ്ടായി. കപ്പലിലെ മൂന്നു ജീവനക്കാർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ റഷ്യ തയാറായിട്ടില്ല.
ഓരോ ദിവസവും ഏഴര ലക്ഷത്തിലധികം വീപ്പ അസംസ്കൃത എണ്ണയാണ് നൊവ്റോസീസ്കിൽനിന്നു റഷ്യ കയറ്റുമതി ചെയ്യുന്നത്. തുറമുഖത്തെ ധാന്യക്കയറ്റുമതി ടെർമിനലിൽ ആക്രമണമുണ്ടായെങ്കിലും പ്രവർത്തനം തടസപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെ റഷ്യൻ സേന യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആറു പേർ കൊല്ലപ്പെടുകയും 35 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
430 ഡ്രോണുകളും 18 മിസൈലുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. കീവിൽ ഒട്ടേറെ ബഹുനിലക്കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടു. ആശുപത്രി, സ്കൂൾ, സർക്കാർ മന്ദിരങ്ങൾ എന്നിവയും ആക്രമണം നേരിട്ടു. വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർന്നതു മൂലം കീവിലെ പല ഭാഗങ്ങളും ഇരുട്ടിലായി. ക്രാസ്നോദാർ, സുമി മേഖലകളിലും വലിയതോതിൽ റഷ്യൻ ആക്രമണമുണ്ടായെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.

