പത്തനംതിട്ട സീറ്റിനു വേണ്ടി ഉടുമ്പ് പിടിച്ചതു പോലെ ശ്രീധരന്‍ പിള്ള ! തുഷാറിനെ മാറ്റി തൃശ്ശൂര്‍ സീറ്റ് സുരേന്ദ്രന് കൊടുക്കാനും നീക്കം; ജയ സാധ്യതയുള്ള പത്തനംതിട്ട സീറ്റിനു വേണ്ടി കടിപിടി കൂടുന്നത് കേന്ദ്രമന്ത്രി മോഹം കൊണ്ടു തന്നെ…

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന എന്‍ഡിഎയും ബിജെപിയും കിതയ്ക്കുന്നു. എല്‍ഡിഎഫ് തുടക്കത്തില്‍ തന്നെയും യുഡിഎഫ് ഒരല്‍പം ആശങ്കയ്ക്കു ശേഷവും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഇതുവരെ എന്‍ഡിഎയ്ക്കു കഴിഞ്ഞിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും ഏറെ പ്രതീക്ഷയുള്ള മണ്ഡലമായ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാഞ്ഞത് അണികള്‍ക്കിടയില്‍ തന്നെ അമര്‍ഷം ഉളവാക്കിയിരിക്കുകയാണ്. തൃശ്ശൂര്‍ സീറ്റിനെ ആശ്രയിച്ചാണ് പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം എന്നതാണ് ഏറ്റവും വിചിത്രകരമായ വസ്തുത. ബിഡിജെസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ നിന്നില്ലെങ്കില്‍ പത്തനംതിട്ടയിലും തൃശ്ശൂരുമായി ശ്രീധരന്‍ പിള്ളയെയും കെ.സുരേന്ദ്രനെയും നിര്‍ത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

പത്തനംതിട്ടയ്ക്കു വേണ്ടി പാര്‍ട്ടിയില്‍ കനത്ത പിടിവലിയാണുള്ളത്. പത്തനംതിട്ട സീറ്റില്‍ തന്റെ പേരു മാത്രമാണ് പാര്‍ട്ടി അധ്യക്ഷന്‍ പിള്ള നല്‍കിയ ലിസ്റ്റില്‍ ഉണ്ടായിരന്നതെന്നാണ് വിവരം. എന്നാല്‍ ജനപിന്തുണയുള്ള സുരേന്ദ്രനു വേണ്ടി ആര്‍എസ്എസും ശബരിമല കര്‍മസമിതിയും ഇടഞ്ഞതോടെ പാര്‍ട്ടിയില്‍ പോരു മുറുകി.

ഇതോടെ കേന്ദ്ര നേതൃത്വം പിള്ളയുടെ പേരുവെട്ടി സുരേന്ദ്രന്റെ പേരു ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പിള്ള-പി.കെ കൃഷ്ണദാസ് പക്ഷങ്ങള്‍ സുരേന്ദ്രനെതിരേയുള്ള റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിനു കൊടുത്തതോടെ പത്തനംതിട്ട സീറ്റിന്റെ കാര്യത്തില്‍ അനശ്ചിതത്വമായി. തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. മത്സരിച്ചാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയേണ്ടി വരുമെന്നത് തുഷാറിനെ പിന്നോട്ടു വലിക്കുന്നുമുണ്ട്.

അമിത് ഷായെ പേടിച്ചാണ് തൃശ്ശൂരില്‍ മത്സരിക്കാമെന്നു സമ്മതിച്ചതു തന്നെ. തുഷാര്‍ മത്സരിച്ചില്ലെങ്കില്‍ ഇവിടെ പിള്ളയെ മത്സരിപ്പിക്കാനും പത്തനംതിട്ട സുരേന്ദ്രനു നല്‍കാനുമാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. കുമ്മനത്തെ രാത്രിയ്ക്കു രാത്രി മിസോറാം ഗവര്‍ണറാക്കിയതും സംസ്ഥാന അധ്യക്ഷനെ പോലും അറിയിക്കാതെ വി.മുരളീധരനെ എംപിയാക്കിയതും അമിത്ഷായുടെ കളികള്‍ ആയിരുന്നു. ഇങ്ങനെയായിരുന്നിട്ടു പോലും പത്തനംതിട്ടയില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല എന്നത് പാര്‍ട്ടിയിലെ പ്രതിസന്ധിയെയാണ് തുറന്നു കാണിക്കുന്നത്.

ബിജെപിയുടെ കേഡര്‍ സംവിധാനം തകരുന്നതായി വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജയസാധ്യത ഏറെയുള്ള പത്തനംതിട്ട സീറ്റില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്താല്‍ കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയേക്കാം എന്നതാണ് ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയ്ക്കു വേണ്ടി മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കുന്നതും. ബിജെപി അണികള്‍ക്കിടയില്‍ പോലും പിള്ള പത്തനംതിട്ടയില്‍ നില്‍ക്കുന്നതില്‍ അമര്‍ഷമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അത് പ്രകടിപ്പിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ പത്തനംതിട്ടയില്‍ ജയിക്കാമെന്നുള്ള മോഹങ്ങള്‍ ബിജെപിയ്ക്ക് ഉപേക്ഷിക്കേണ്ടി വരുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Related posts