കൊല്ലം: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളിൽ ജൂണിൽ നേരിയ കുറവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപി.സിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മേയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതിനുശേഷമാണ് ഈ കുറവ് രേഖപ്പെടുത്തിയത്.
ജൂണിൽ യുപിഐ വഴി 1,840 കോടി ഇടപാടുകളിലായി 24.04 ലക്ഷം കോടി രൂപയുടെ വിനിമയമാണു നടന്നത്. ഇത് മേയ് മാസത്തിലെ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 1.5 ശതമാനം കുറവും മൂല്യത്തിൽ 4.4 ശതമാനം കുറവുമാണ്. മെയിൽ 25.14 ലക്ഷം കോടി രൂപയുടെ 1,868 കോടി ഇടപാടുകളാണു നടന്നത്.
എന്നാൽ, വാർഷികാടിസ്ഥാനത്തിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 32 ശതമാനം വർധനയും, ഇടപാട് മൂല്യത്തിൽ 20 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. ജൂണിൽ ശരാശരി പ്രതിദിന ഇടപാടുകൾ 61.3 കോടിയായിരുന്നു, ഇത് മേയ് മാസത്തിലെ 60.2 കോടിയേക്കാൾ അല്പം കൂടുതലാണ്. എന്നാൽ ശരാശരി പ്രതിദിന ഇടപാട് മൂല്യം മെയ് മാസത്തിലെ 81,106 കോടി രൂപയിൽ നിന്ന് 80,131 കോടി രൂപയായി കുറഞ്ഞു. ജൂണിൽ ദിവസങ്ങളുടെ എണ്ണം കുറവായതാണ് പ്രതിദിന ശരാശരി ഇടപാടുകളുടെ എണ്ണം കൂടാൻ കാരണം.
മേയ് മാസത്തിലെ കണക്കനുസരിച്ച്, മൊത്തം യുപിഐ ഇടപാടുകളിൽ 46.47 ശതമാനം വിഹിതവുമായി ഫോൺപേയാണ് മുന്നിൽ. 36.09 ശതമാനം വിപണി വിഹിതവുമായി ഗൂഗിൾ പേ തൊട്ടുപിന്നിലുണ്ട്. 6.84 ശതമാനം വിഹിതവുമായി പേടിഎം ആണ് മൂന്നാമത്.നാവി, ഫ്ലിപ്കാർട്ടിന്റെ സൂപ്പർ മണി, ഫാംപേ ബൈ ട്രിയോ തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കും യുപിഐ ഇടപാടുകളിൽ കാര്യമായ സംഭാവനയുണ്ട്.
ഇന്ത്യയ്ക്കു പുറമെ, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, ശ്രീലങ്ക, സിംഗപ്പൂർ, ഫ്രാൻസ്, ഒമാൻ, യുഎഇ എന്നിവിടങ്ങളിലും യുപിഐ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഖത്തർ, തായ്ലൻഡ്, മലേഷ്യ, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യുപിഐ വ്യാപിപ്പിക്കാനും എൻപിസിഐ ലക്ഷ്യമിടുന്നു. യുകെ, ഒമാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളും യുപിഐയുമായി സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
- എസ്.ആർ. സുധീർ കുമാർ