മൂത്തകുട്ടി മരിച്ച ദിവസം മുഖം മറച്ച രണ്ടു പേരെ കണ്ടെന്ന ഇളയകുട്ടിയുടെ മൊഴി കുറ്റപത്രത്തിലില്ല ! വാളയാര്‍ കേസിന്റെ അന്വേഷണത്തില്‍ പോലീസ് നടത്തിയത് വന്‍ അട്ടിമറി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വാളയാറില്‍ പ്രായപൂര്‍ത്തായാകാത്ത സഹോദരിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് നടത്തിയത് വന്‍ അട്ടിമറിയെന്ന് വിവരം. കുട്ടികള്‍ പീഡനത്തിനിരയായതായി കുറ്റപത്രത്തിലും മൊഴി പകര്‍പ്പുകളിലും സൂചനയുണ്ടെങ്കിലും പോലീസ് അക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വരുന്നത്.

കുട്ടികളെ മാനഭംഗപ്പെടുത്തുന്നത് കണ്ടെന്ന് രണ്ടാനച്ഛനും പറഞ്ഞെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. കേസില്‍ നിര്‍ണ്ണായകമാകുമായിരുന്ന മൂത്ത കുട്ടി മരിച്ച ദിവസം മുഖം മറച്ച് രണ്ടു പേരെ കണ്ടെന്ന ഇളയകുട്ടിയുടെ മൊഴി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. മൂത്തകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമായി കുറ്റപത്രത്തില്‍ പറയുന്ന പോലീസ് പക്ഷേ ആത്മഹത്യാപ്രേരണ അന്വേഷിക്കാന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് കാര്യങ്ങള്‍.

മൂത്തപെണ്‍കുട്ടി സ്വന്തംവീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടില്‍ വെച്ചുമായിരുന്നു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിരുന്നത് എന്നാണ് സൂചനകള്‍.2016 ഏപ്രില്‍ മുതല്‍ 2017 ജനുവരിയില്‍ മരിക്കുന്നത് വരെ പീഡനം തുടര്‍ന്നിരുന്നു. കുട്ടികള്‍ ഇരയാകുന്ന വിവരം മരിക്കുന്നതിന് മുമ്പ് അമ്മയുമറിഞ്ഞിരുന്നു എന്ന വിവരവും മാതാവിന്റെ മൊഴിയും കുറ്റപത്രത്തിലുണ്ട്.

ലൈംഗിക പീഡനത്തിലൂടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകുന്നതായി മകള്‍ പറഞ്ഞിരുന്നതായി മാതാവ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതികളുടെ സ്വാധീനവും ബന്ധവും പ്രതികള്‍ കുട്ടികളെ അപായപ്പെടുത്തുമോ എന്ന ഭയവും മൂലമാണ് മറച്ചുവെച്ചതെന്നാണ് മാതാവ് പറഞ്ഞിരിക്കുന്നത്. മറ്റ് മാര്‍ഗ്ഗമില്ലാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് മാതാവ് നല്‍കിയിരിക്കുന്ന മൊഴി. ഇനി എനിക്ക് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം മൊഴിയിലുണ്ടെങ്കിലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല.

മധുവിനെ വീട്ടില്‍ കണ്ടുവെന്നായിരുന്നു ഇളയ കുട്ടിയുടെ മൊഴി. ശാസ്ത്രീയ തെളിവുകളുടെ അഭാവം കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി. ബലാത്സംഗക്കേസില്‍ 48 മണിക്കൂറിനുള്ളില്‍ പെണ്‍കുട്ടികളെ െവെദ്യപരിശോധനയ്ക്കു വിധേയമാക്കിയെങ്കിലേ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാവൂ. അതിനുള്ള സാധ്യത ഈ കേസുകളിലുണ്ടായിരുന്നില്ല. ഇനി അപ്പീല്‍ പോയാലും പുതിയ തെളിവുകള്‍ കണ്ടെത്തുക പ്രയാസമാകും. സാഹചര്യത്തെളിവുകള്‍ മാത്രമാണുണ്ടായിരുന്നത്. മൂത്തമകളെ പീഡിപ്പിക്കുന്നതു നേരിട്ടു കെണ്ടന്നു തന്നോടു പറഞ്ഞ, പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയിലെത്തിയപ്പോള്‍ അതി ലളിതവല്‍ക്കരിക്കുകയായിരുന്നു.

മൊഴിപകര്‍പ്പില്‍ ബന്ധുക്കളും അയല്‍വാസികളുമെല്ലാം പ്രതികള്‍ പലതവണ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ വീട്ടിലെ പതിവ് സന്ദര്‍ശകരായിരുന്നു എന്നും മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും പോലീസ് അന്വേഷിച്ചില്ല. മൂത്തകുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടിരുന്നതായി രണ്ടാനച്ഛനും മൊഴി നല്‍കിയിട്ടുണ്ട്. സഹോദരി മരിച്ച ദിവസം മുഖം മറച്ച് രണ്ടുപേരെ കണ്ടെന്ന ഇളയ പെണ്‍കുട്ടിയുടെ മൊഴി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 57 സാക്ഷികളാണ് കേസിലുള്ളത്.ഇതില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് കണ്ടെന്ന് മൊഴി നല്‍കിയത് ഏഴുപേരാണ്. പത്തുപേര്‍ പ്രതികള്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ എത്താറുണ്ടായിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് കളിച്ച കളിയാണ് ഇപ്പോള്‍ വന്‍ വിവാദത്തിനു വഴിവെച്ചിരിക്കുന്നത്.

Related posts