അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ ഹൈഡ്രോളിക് സ്ട്രെക്ചറുകൾ കാഴ്ചവസ്തുക്കളായി മാറുന്നു. അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. പതിനായിരക്കണക്കിനു രൂപ വിലയുള്ള ഇത്തരം സ്ട്രെക്ചറുകൾ നിസാര തകരാർ സംഭവിക്കുമ്പോൾത്തന്നെ ആശുപത്രി മൂലയിൽ തട്ടുകയാണ്.
അത്യാസന്ന നിലയിലായ രോഗികൾക്കു ട്രിപ്പിടാനും ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും സൗകര്യമുള്ള ഹൈഡ്രോളിക് സ്ട്രെക്ച്ചറുകൾ ആശുപത്രിയിൽ നിരവധിയുണ്ട്. എന്നാൽ ആശുപത്രിയിലെത്തുന്ന സാധാരണ രോഗികൾക്ക് പ്രയോജനമാകുന്ന തരത്തിൽ ഉപയോഗപ്പെടുത്താൻ അധികൃതരും ജീവനക്കാരും തയാറായിട്ടില്ല.
നിസാര തകരാർ സംഭവിക്കുന്ന ഇത്തരം സ്ട്രെക്ചറുകളുടെ തകരാർ പരിഹരിക്കുന്നതിനു പകരം ഇവ നീക്കംചെയ്ത് പുതിയതു വാങ്ങാനാണ് ആശുപത്രി അധികൃതർക്കു താത്പര്യം.
സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ ഇതു പരിഹരിക്കാൻ ഇടപെടാറില്ല. പുതിയവ വാങ്ങുന്നതിലെ കമ്മീഷനിലാണ് അധികൃതരുടെ കണ്ണ്. തകരാർ സംഭവിക്കുന്ന വില കൂടിയ ഇത്തരം സ്ട്രെക്ചറുകൾ പിന്നീട് ആക്രി വിലയ്ക്കു കൊടുക്കുകയാണു പതിവ്.