വത്തിക്കാൻ സിറ്റി: ഒരു വിശുദ്ധന്റെ നാമകരണച്ചടങ്ങിൽ ആ പുണ്യാത്മാവിന്റെ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന അത്യപൂർവ കാഴ്ചയ്ക്കാണ് ഇന്നലെ വത്തിക്കാൻ സാക്ഷ്യം വഹിച്ചത്. കാർലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പിതാവ് ആൻഡ്രിയ അക്കുത്തിസ്, അമ്മ അന്റോണിയ സൽസാനോ, അക്കുത്തിസിന്റെ ഇരട്ട സഹോദരങ്ങളായ മിഷേൽ, ഫ്രാൻസിസ്ക എന്നിവരും മറ്റു കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. കുടുംബാംഗങ്ങൾ വിശുദ്ധ കുർബാനയ്ക്കിടെയുള്ള പ്രതിവചന സങ്കീർത്തനം ചൊല്ലുകയും കാഴ്ചവയ്പിൽ പങ്കെടുക്കുകയും ചെയ്തു.
വിശുദ്ധ കുർബാനയ്ക്കിടെ പഴയനിയമ വായന നടത്തിയത് കാർലോ അക്കുത്തിസിന്റെ ഇളയ സഹോദരനായ മൈക്കിൾ അക്കുത്തിസായിരുന്നു.വചനവായനയ്ക്കുശേഷം ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധപദവി പ്രഖ്യാപനം നടത്തിയപ്പോൾ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽനിന്നുയർന്ന കരഘോഷങ്ങളെക്കാൾ മാധ്യമശ്രദ്ധ പതിച്ചത് ബലിവേദിയോടു ചേർന്നുള്ള വിവിഐപി ഗാലറിയിലിരുന്ന് സന്തോഷാധിക്യത്താൽ കണ്ണീർ വാർക്കുന്ന ഒരു മാതൃമുഖത്തേക്കായിരുന്നു. അതു മറ്റാരുമല്ല, കാർലോ അക്കുത്തിസിന്റെ പ്രിയ അമ്മ അന്റോണിയ സൽസാനോയായിരുന്നു.
കേവലം 15 വർഷത്തെ ജീവിതത്തിനുശേഷം മകൻ തന്നിൽനിന്നു എന്നന്നേക്കുമായി വേർപിരിഞ്ഞത് ഏറെ തളർത്തിയെങ്കിലും അവന്റെ വിശുദ്ധ ജീവിതം ആ അമ്മയെ ധൈര്യപ്പെടുത്തുകയും സമാശ്വാസം പകരുകയും ചെയ്തു. തന്നെ മാനസാന്തരപ്പെടുത്തിയതും വിശ്വാസജീവിതത്തിൽ ഉറപ്പിച്ചുനിർത്തിയതും മകന്റെ വിശ്വാസജീവിതമാണെന്ന് ഒരഭിമുഖത്തിൽ അന്റോണിയ പറഞ്ഞിട്ടുണ്ട്. വീട്ടിലെ പോളണ്ടുകാരിയായ വേലക്കാരി ബിയ സ്പെർസിൻസ്കയാണു മകനിൽ ക്രിസ്തുവിശ്വാസത്തിന്റെ വിത്തുപാകിയതെന്നും അന്റോണിയ വെളിപ്പെടുത്തിയിരുന്നു.
മരണശേഷം ഒരിക്കൽ കാർലോ സ്വപ്നത്തിൽ തനിക്കു പ്രത്യക്ഷപ്പെട്ട്, അമ്മേ ഞാൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുമെന്നും പിന്നീട് വിശുദ്ധനായി നാമകരണം ചെയ്യപ്പെടുമെന്നും പറഞ്ഞിരുന്നതായി വിവിധ അഭിമുഖങ്ങളിൽ അന്റോണിയ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ കാർലോ വിശുദ്ധനാക്കപ്പെടുന്നത് തന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ കാര്യമല്ലെന്നും ഈ പുണ്യനിമിഷത്തിനായി താൻ ഒരുങ്ങുകയായിരുന്നുവെന്നും അന്റോണിയ പറഞ്ഞിരുന്നു.
കാർലോയെ സംബന്ധിച്ചിടത്തോളം മരണം യഥാർഥ ജീവിതത്തിലേക്കുള്ള വഴിയായിരുന്നു. യേശു അവന്റെ പ്രാണപ്രിയനായിരുന്നു. ഓരോ ദിവസവും അത് അവസാനത്തേതാണെന്നു കരുതി നാം ജീവിക്കണമെന്നും നിത്യജീവനാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അവൻ പറയുമായിരുന്നു.-അഭിമുഖത്തിൽ അന്റോണിയ പറയുകയുണ്ടായി.