ഒറ്റപ്പെടുത്തലിലും സംഘടിത വിമര്‍ശനങ്ങളിലും മനംനൊന്ത് വാവാ സുരേഷ് പാമ്പുപിടിത്തം അവസാനിപ്പിക്കുന്നു;ശേഷിക്കുന്ന കാലം മേസ്തിരിപ്പണി ചെയ്തു ജീവിക്കും; വിമര്‍ശകര്‍ക്ക് പാമ്പുകളേക്കാള്‍ വിഷമെന്ന് വാവ…

തിരുവനന്തപുരം: പാമ്പുകളുടെ ഉറ്റകൂട്ടുകാരന്‍ എന്നറിയപ്പെടുന്ന വാവ സുരേഷ് പാമ്പുപിടിത്തം മതിയാക്കുന്നു. തനിക്കെതിരെയുള്ള സംഘടിത വിമര്‍ശനങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്താണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ വാവ പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ പാമ്പുപിടുത്തം മതിയാക്കുന്നത്. പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ഇദ്ദേഹം വിഷപാമ്പുകളെ പിടിച്ചിരുന്നത്. ലോകപ്രശസ്ത വൈല്‍ഡ് ലൈഫ് ചാനലുകളായ ഡിസ്‌കവറി, അനിമല്‍ പ്ലാനറ്റ് എന്നിവയില്‍ പോലും വാവയുടെ പാമ്പു പിടിത്തം വാര്‍ത്തയായിരുന്നു.

നിയമാനുസൃതമല്ലാതെ തീര്‍ത്തും അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് ഈ മേഖലയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച് കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നത്. മേസ്തിരിപ്പണി ചെയ്ത് ശിഷ്ടകാലം കഴിയുമെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വെനം മാഫിയകള്‍ക്ക് പാമ്പിന്റെ വെനം വില്‍ക്കുന്നു എന്നുള്ള ആരോപണങ്ങളോട് സുരേഷ് പ്രതികരിച്ചത് ഇങ്ങനെ, ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം പാമ്പുകളെ പിടിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനയ്ക്കും അനുവാദം നല്‍കാറില്ലെന്ന് സുരേഷ് പറഞ്ഞു. അത്തരത്തിലുള്ള ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണ്. വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പാമ്പുപിടുത്തത്തില്‍ നിന്നും പിന്മാറാന്‍ ആഗ്രഹിക്കുന്നതെന്നും വാവ സുരേഷ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകള്‍ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അടിസ്ഥാനരഹിതമായ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നുവെന്നതുമെല്ലാം അടിസ്ഥാന രഹിതമായ ആരോപണമാണ്. ഒന്നും ആഗ്രഹിച്ചിട്ടല്ല ഈ പണിക്ക് ഇറങ്ങിയത്. ആദ്യം തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും മാത്രമായിരുന്നു പാമ്പിനെ പിടിച്ചിരുന്നത്.

പ്രളയത്തിന് പിന്നാലെ 9 ജില്ലകളില്‍ വരെ പോയി പാമ്പിനെ പിടിച്ചിട്ടുണ്ടെന്ന് വാവ സുരേഷ് പറഞ്ഞു. ഈ മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെയാണ് തനിക്ക് നേരെ കരുതിക്കൂട്ടിയുള്ള രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതെന്ന് വാവ സുരേഷ് പറഞ്ഞു.പാമ്പു പിടിക്കുന്നതില്‍ നിന്ന് തനിക്ക് ഒരു ലാഭവുമില്ല. പലപ്പോഴും ജീവന്‍ പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. പരിക്കേറ്റിട്ട് പോലും ഇറങ്ങിത്തിരിച്ച പരിപാടികളില്‍ നിന്ന് പിന്മാറിയിട്ടുമില്ല. എന്നിട്ടും രൂക്ഷ വിമര്‍ശനം മാത്രമാണ് ബാക്കി. മനസ് മടുത്താണ് പിന്മാറ്റമെന്നും വാവ സുരേഷ് വ്യക്തമാക്കി. വാവയുടെ പിന്മാറ്റത്തോടെ നാട്ടിലിറങ്ങുന്ന രാജവെമ്പാലയെ ഇനി ആരുപിടിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Related posts