മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ; റേഷന്‍ സംവിധാനത്തിന് പരിഹാരം കാണാന്‍ പിണറായി സര്‍ക്കാരിനു കഴിയുന്നില്ലെന്ന് വി.ഡി. സതീശന്‍

KTM-VDSATHEESHANചെറുതോണി: രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ചുള്ള സ്വീകരണചടങ്ങ് ഇടുക്കി ജവഹര്‍ ഭവനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം വെളുപ്പിക്കാന്‍ ഉന്നതര്‍ക്ക് അനുവാദം നല്‍കുകയാണ് പ്രധാനമന്ത്രി മോദി. ഒറ്റുകാര്‍ പറയുന്ന ചില ആളുകളെ മാത്രമാണ് ആദായനികുതിക്കാര്‍ പിടികൂടുന്നത്. അല്ലാത്തവര്‍ ഇപ്പോഴും നാട്ടില്‍ വിലസുന്നതായി സതീശന്‍ കുറ്റപ്പെടുത്തി. കാഷ്‌ലെസ് എന്ന ഓമനപ്പേരിട്ട് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ഗൂഡലക്ഷ്യമാണ്. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനുമാത്രമെ കഴിയുകയുള്ളു. കേരളം റേഷനരി കിട്ടാതെ വലയുമ്പോഴും ഇതിനു പരിഹാരം കാണുവാന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ലെന്ന് സതീശന്‍ ആരോപിച്ചു.

സ്ഥാനാരോഹണചടങ്ങില്‍ റോയി കെ. പൗലോസ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റുമാരായ ഇ.എം. ആഗസ്തി, പി.ടി. തോമസ് എംഎല്‍എ, ജോയി തോമസ്, എം.ടി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ ശ്രീമന്ദിരം ശശികുമാര്‍, സി.പി. മാത്യു, ഷാഹുല്‍ ഹമീദ്, ആര്‍. ബാലന്‍പിള്ള, യുഡിഎഫ് ചെയര്‍മാന്‍ എസ്. അശോകന്‍, പി.എ. ജോസഫ്, ജോര്‍ജ് കരിമറ്റം, പി.പി. സുലൈമാന്‍ റാവുത്തര്‍, എം.കെ. പുരുഷോത്തമന്‍, ഡിസിസി ഭാരവാഹികള്‍, വിവിധ പോഷകസംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts