കോവിഡ് മുക്തര്‍ക്കു മാത്രം പ്രവേശനം ! ബ്രസീലിലെ ഈ അദ്ഭുത ദ്വീപിലേക്കെത്തണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ ഏറെ…

കൊവിഡ് ബാധ മൂലം ലോകത്തെ ടൂറിസരംഗം ആകെ തകര്‍ന്നിരിക്കുകയാണ്. ടൂറിസം പ്രധാനവരുമാന മാര്‍ഗമായ നിരവധി രാജ്യങ്ങളാണ് ഇതോടെ ദുരിതത്തിലായത്. ഇത്തരത്തില്‍ ഏറെ നഷ്ടം സംഭവിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. എന്നാല്‍ നഷ്ടത്തില്‍ നിന്ന് കരകയറാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമുള്ള പുതിയ പദ്ധതിയിലാണ് അധികൃതര്‍.

ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഫെര്‍ണാണ്ടോ ഡി നൊറോഞ്ഞ വിദേശ സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ക്കായി തുറന്നുനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. പക്ഷേ സന്ദര്‍ശകര്‍ എല്ലാവരും കൊറോണ മുക്തരായിരിക്കണം എന്നാണ് നിബന്ധന.

ബ്രസീലിയന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് ഫെര്‍ണാണ്ടോ ഡി നൊറോഞ്ഞ. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം.

വൈറസില്‍ നിന്നു മുക്തരായതിന്റെ വ്യക്തമായ രേഖകള്‍ നല്‍കിയെങ്കില്‍ മാത്രമേ ദ്വീപില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ ദ്വീപില്‍ എത്തുന്നതിന് 20 ദിവസം മുമ്പ് പിസിആര്‍ വൈറസ് പരിശോധനയോ ഐജിജി ആന്റിബോഡി പരിശോധനകളോ നടത്തണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനോദസഞ്ചാരം അപകടരഹിതമായ രീതിയില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി രോഗമുക്തരായവര്‍ക്ക് പ്രവേശനം നല്‍കുക എന്നതാണെന്ന് ദ്വീപസമൂഹത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഗില്‍ഹെം റോച്ച മാധ്യമങ്ങളോടു പറഞ്ഞു.

ഏകദേശം 121,000 കൊവിഡ് മരണങ്ങളാണ് ബ്രസീലില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഫെര്‍ണാണ്ടോ ഡി നൊറോഞ്ഞയില്‍ 93 കേസുകള്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. മരണങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ദ്വീപിലേക്ക് കോവിഡ് മുക്തരായവരെ പ്രവേശിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

Related posts

Leave a Comment