കൊച്ചി: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍പോയ റാപ്പര്‍ വേടനെ തെരഞ്ഞ് പോലീസ് കേരളത്തിന് പുറത്തേക്ക്.വേടന് ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണിത്.അതിനിടെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്ന് നടക്കേണ്ടിയിരുന്ന വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വച്ചത്. പരാതിക്ക് പിന്നാലെ വേടന് ഒളിവില്‍ പോയതോടെയാണ് പരിപാടി മാറ്റിയത്.
പരിപാടിക്ക് വേടനെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. അതേസമയം പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് കോട്ടയം സ്വദേശിനിയും ഡോക്ടറുമായ യുവതിയുടെ പരാതി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ചു
പരാതിക്കാരിയായ യുവ ഡോക്ടര്‍ വേടനുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് പലപ്പോഴായി 31,000 രൂപയും 8,500 രൂപയുടെ ട്രെയിന്‍ ടിക്കറ്റും താന്‍ വേടന് നല്‍കിയിട്ടുണ്ടെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തെളിവുകളും പരാതിക്കാരി പോലീസിന് കൈമാറിയിരുന്നു. ഈ കാര്യങ്ങളാണ് പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്.
സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നു
കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
കോഴിക്കോട്, കൊച്ചി, ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളില്‍ വച്ച് വേടന് പലതവണ പീഡിപ്പിച്ചു.ആദ്യമായി തന്നെ ചുംബിച്ചതും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതും തന്റെ അനുവാദമില്ലാതെയാണ്. ലഹരി ഉപയോഗിച്ച ശേഷവും തന്നെ പീഡിപ്പിച്ചിട്ടുണ്ട്.
വേടനുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി വേടന്റെ സുഹൃത്തുക്കള്‍ക്ക് അറിയാമെന്നും ഏതാനും ചില സുഹൃത്തുക്കളുടെ പേരുവിവരങ്ങളും പോലീസിന് നല്കിയ പരാതിയില്‍ യുവതി വ്യക്തമാക്കിയിരുന്നു. ഇവരില്‍ നിന്നാണ് പോലീസ് മൊഴിയെടുക്കുന്നത്.