തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ്യുടെ പിറന്നാൾ ദിനമായ 22 – ന് മുമ്പ്, വിജയ്യുടെ സൂപ്പർ ഹിറ്റ് ചിത്രമായ മെർസൽ പിറന്നാൾ സമ്മാനമായി കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ 20 ന് എത്തും. തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്ത മെർസൽ, കേരളത്തിൽ റോസിക എന്റർപ്രെസസിനു വേണ്ടി പവൻ കുമാറാണ് റിലീസ് ചെയ്യുന്നത്.
വിജയ് ആദ്യമായി ട്രിപ്പിൾ വേഷത്തിലെത്തിയ മെർസൽ ലോകം മുഴുവനുമുള്ള പ്രേക്ഷകരെ ഒരേ പോലെ ആകർഷിച്ച ചിത്രമാണ്. 2017-ലെ ദീപാവലി നാളിൽ എത്തിയ ചിത്രം, എല്ലാ ബോക്സ് ഓഫീസ് റിക്കാർഡുകളും തകർത്തു കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരുന്നു. അതുകൊണ്ട് തന്നെ, മെർസൽ വീണ്ടുമെത്തുന്നത് പ്രേക്ഷകർക്ക് വിജയ് സമ്മാനിക്കുന്ന വലിയൊരു പിറന്നാൾ സമ്മാനമായിരിക്കും.
പോളണ്ടിലെ ഗ്ഡാൻസ്ക്, രാജസ്ഥാനിലെ ജയ്സാൽമർ തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിനിമ തിയറ്ററായ ഫ്രാൻസിലെ ഗ്രാൻഡ് റെക്സിൽ പ്രദർശിപ്പിച്ച് ലോകം മുഴുവൻ അംഗീകാരം നേടിയ ചിത്രമാണ് മെർസൽ. ഛായാഗ്രഹണം- ജി.കെ. വിഷ്ണു, സംഗീതം, പശ്ചാത്തല സംഗീതം- എ.ആർ. റഹ്മാൻ, എഡിറ്റിംഗ് – റൂബൻ, വിതരണം- റോസിക എന്റർപ്രൈസസ്, പിആർഒ- അയ്മനം സാജൻ. വിജയ് മൂന്ന് വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ, എസ്.ജെ. സൂര്യ, കാജൽ അഗർവാൾ, സാമന്ത റൂത്ത്, പ്രഭു, സത്യരാജ്, വടിവേലു, നിത്യാ മേനോൻ, ഹരീഷ് പേരടി, കോവൈ സരള, സത്യൻ എന്നിവരും അഭിനയിക്കുന്നു. -അയ്മനം സാജൻ