കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് കിട്ടിയ വിവരം.
വൈഭവിയുടെ സംസ്കാര ചടങ്ങിനു ശേഷം വിപഞ്ചികയുടെ മൃതദേഹം വൈകിട്ടോടെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബം നടത്തുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നാണ് വിപഞ്ചികയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നത്.
അതേസമയം, വിപഞ്ചികയും കുഞ്ഞും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും യുഎഇ അധികൃതരില്‍നിന്നു വിവരമൊന്നുമില്ലെന്നും ആരോപിച്ചാണ് ഹര്‍ജി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് നഗരേഷ് വിപഞ്ചികയുടെ ഭര്‍ത്താവിനെയും ഇന്ത്യന്‍ എംബസിയെയുംകൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ചു.
ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍ മാത്രമല്ലേയെന്നും കോടതി ചോദിച്ചു. മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കുന്നതുകൊണ്ട് എന്താണു കുഴപ്പമെന്ന് ചോദിച്ച കോടതി മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും ആരാഞ്ഞു. അതിനാല്‍ ഭര്‍ത്താവിനെക്കൂടി കക്ഷി ചേര്‍ക്കണമെന്നും നിര്‍ദേശിച്ചു. ഭര്‍ത്താവ് കുറ്റകൃത്യം ചെയ്തെങ്കിലും കുഞ്ഞിന്റെ മൃതദേഹത്തില്‍ അവകാശമില്ലെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.
മതപരമായ ചടങ്ങുകള്‍ നടത്താനും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ക്ക് ഇത് ആവശ്യമാണെന്നുമായിരുന്നു കുടുംബത്തിന്റെ മറുപടി. തുടര്‍ന്ന് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഭര്‍ത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണു മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാത്തതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.