ചുട്ടുപൊള്ളുന്ന ചൂടില്‍ എസി വാങ്ങാന്‍ നിങ്ങള്‍ തീരുമാനിച്ചോ? എങ്കില്‍ ഇതൊന്നു വായിച്ചശേഷം നിങ്ങള്‍ തീരുമാനം എടുക്കുക, നിസാര തുകയ്ക്ക് വീടിനെ തണുപ്പിക്കാം, സംഭവം ഇങ്ങനെ

ചുട്ടുപൊള്ളുന്ന ചൂടില്‍ എസി വാങ്ങാന്‍ നിങ്ങള്‍ തീരുമാനിച്ചോ? എങ്കില്‍ ഇതൊന്നു വായിച്ചശേഷം നിങ്ങള്‍ തീരുമാനം എടുക്കുക. ഫേസ്ബുക്കില്‍ അജയ് മാധവന്‍ എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എ.സി വാങ്ങാന്‍ ആലോചിക്കും മുന്‍പ് ഇതൊന്ന് വായിക്കുക. അഭൂത പൂര്‍വ്വമായഅത്യുഷ്ണത്തിലൂടെ കടന്നു പോകുകയാണ് നമ്മള്‍…  മുറിക്കുള്ളില്‍ ഫാന്‍ ഇട്ടാല്‍ പോലും വിയര്‍ത്തൊലിക്കുന്ന അവസ്ഥ. കാരണം ചുറ്റുമുള്ള ചൂട് വായുവിനെ ആണ് ഫാനും തള്ളി നീക്കുന്നത്. കോണ്‍ക്രീറ്റിനും അതിനുള്ളിലെ സ്റ്റീല്‍ കമ്പികള്‍ക്കും ഉള്ള പ്രത്യേകതയാണ് താപത്തെ സംഭരിച്ചു വയ്ക്കാനും പിന്നീട് പുറത്തു വിടാനുമുള്ള കഴിവ്.

ഇങ്ങനെ രാത്രി സമയങ്ങളില്‍ പുറന്തള്ളുന്ന താപം മുറിക്കുള്ളിലെ ചൂട് അധികരിപ്പിക്കുന്നു. ഇത് തടയാന്‍ ഉള്ള ഒരേ ഒരു വഴി കോണ്‍ക്രീറ്റ് റൂഫ് ചൂട് പിടിക്കാതെ നോക്കുക എന്നതാണ്. ചിലര്‍ പച്ച വിരി കെട്ടാറുണ്ട്. ചിലര്‍ വെള്ളം കെട്ടി നിര്‍ത്തും (ചോര്‍ച്ചയ്ക്ക് കാരണം ആകാം. കൂടാതെരണ്ടര ഇഞ്ച് കനത്തില്‍ എങ്കിലും വെള്ളം കെട്ടി നിര്‍ത്തിയാലേ ഫലം ഉണ്ടാവൂ), ചിലര്‍ തെങ്ങോല വിരിക്കാറുണ്ട്.

എങ്കിലും ഒരു പരിധിയ്ക്കു അപ്പുറം ചൂട് ശമിക്കില്ല. പിന്നെ ഉള്ള മാര്‍ഗ്ഗം ട്രസ്സ് വര്‍ക്ക് ചെയ്യുക എന്നുള്ളതാണ്. അതാണെങ്കില്‍ വളരെ ചിലവ് കൂടിയതുമാണ്. ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന വിലയേറിയ ഹീറ്റ് റെസിസ്റ്റന്റ് പെയിന്റ് വാങ്ങി ഉപയോഗിച്ച് പണി കിട്ടിയവരുമുണ്ട്. റൂഫ് ടോപ്പ് സാധാരണ ആരും പെയിന്റ് ചെയ്യാറില്ല. എന്നാല്‍ പെയിന്റ് ചെയ്താല്‍ പോലും ചൂടിന് നേരിയ കുറവുണ്ടാകും എന്നതാണ് വാസ്തവം.

1000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഒരു വീടിന് 1500 രൂപയില്‍ താഴെ മാത്രം ചിലവ് വരുന്ന ഒരു മാര്‍ഗ്ഗമാണ്. പരീക്ഷിച്ചു വിജയിച്ച ശേഷമാണ് ഇത് ഇവിടെ പങ്കു വയ്ക്കുന്നത്. നിങ്ങള്ക്ക് തന്നെ സ്വന്തമായി ചെയ്യാവുന്നതാണ്. റൂഫ് ടോപ്പിനു ഒരു താത്കാലിക കോട്ടിങ് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതായത് ടെറസിന്റെ തറയില്‍ ഒരു താപ നിരോധന കവചം. ഇത് നല്‍കിയാല്‍ എത്ര ചുട്ടു പൊള്ളുന്ന വെയിലിലും തറ ചൂട് പിടിക്കില്ല.നിങ്ങള്ക്ക് ചെരുപ്പ് ഇടാതെ തറയില്‍ സ്പര്‍ശിക്കാം. തുണി വിരിക്കാം.

ഇതിനു വേണ്ട വസ്തുക്കള്‍

ലൈം പൗഡര്‍ /വൈറ്റ് സിമന്റ് (ഹിമാലയന്‍ ലൈം ആണ് ഞാന്‍ ഉപയോഗിച്ചത്) 5 kg യുടെ പാക്കറ്റ് ആയി തന്നെ വാങ്ങുക. (കാരണം ഒരു മിക്‌സ് 5 കിലോയ്ക്ക് ആണ് തയ്യാറാക്കാന്‍ പോകുന്നത്) 1000 സ്‌ക്വയര്‍ ഫീറ്റ് നു രണ്ടു കോട്ട് വീതം അടിക്കാന്‍ ഏകദേശം 25-30 കിലോ (5-6 pkts) വേണ്ടി വരും.

ഒരു പാക്കറ്റിനു 60 രൂപ കണക്കിന് 300-350 രൂപ. പിന്നെ വേണ്ടത് ഫെവിക്കോള്‍ സിന്തെറ്റിക് റെസിന് ആഡ്‌ഹെസ്സിവ് (വെള്ള പശ). ഒരു കിലോയുടെ ഒരു ബോട്ടില്‍ 220 രൂപ. 5 കിലോയുടെ ഒരു മിക്‌സിന് ഒരു ബോട്ടിലിന്റെ മുക്കാല്‍ ഭാഗം വേണ്ടി വരും. അങ്ങനെ ഒരു അഞ്ചോ ആറോ ബോട്ടില്‍. ഇനി ചെയ്യേണ്ട വിധം. ടെറസ്സ് തൂത്തു വൃത്തിയാക്കുക.പായല്‍ ഉണ്ടെങ്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് കളയുക. രാവിലെ 9 മണിക്ക് മുന്‍പും വൈകിട്ട് 4 മണിക്ക് ശേഷവും ആണ് പറ്റിയ സമയം.ഒരു വല്യ ബക്കറ്റു എടുക്കുക.

8 ലിറ്റര്‍ വെള്ളം(1 ltr വെള്ള കുപ്പി ഉപയോഗിക്കാം) എടുക്കുക. അതിലേയ്ക്ക് 5kg യുടെ ലൈം പൗഡര്‍ തട്ടുക.നന്നായി ഒരു പിവിസി പൈപ്പോ മറ്റോ ഉപയോഗിച്ച് മിക്‌സ് ചയ്തു 5 മിനുട്ട് വയ്ക്കുക.ഇനി ഫെവിക്കോള്‍ 1 kg ബോട്ടിലിന്റെ മുക്കാല്‍ ഭാഗം ഇതിലോട്ടു ഒഴിച്ച് നന്നായി ഇളക്കുക.10 min ശേഷം ഒന്നൂടെ ഇളക്കി ഒരു പെയിന്റിങ് ബ്രഷ് (റോളര്‍ അല്ല) ഉപയോഗിച്ച് പെയിന്റിങ് തുടങ്ങാം. വാള്‍ പെയിന്റിങ് പോലെ അത്ര അനായാസമല്ല ഫ്‌ലോര്‍ പെയിന്റിങ്.

ഓരോ തവണ ബ്രഷ് മുക്കി അടിക്കുന്നതിനേക്കാള്‍ ഒരു ചെറിയ കപ്പ് ഉപയോഗിച്ച് തറയില്‍ ഒഴിച്ച ശേഷം ബ്രഷ് ഓടിക്കുന്നതാണ് എളുപ്പം. തീരെ കനം കുറയാനും പാടില്ല കോട്ടിങ്. ആദ്യ ദിവസം തന്നെയോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസം എടുത്തോ ആദ്യ കോട്ടിങ് പൂര്‍ത്തിയാക്കുക. 12 മണിക്കൂര്‍ കഴിഞ്ഞാല്‍ 4 നേരം വെള്ളം കുടഞ്ഞു നനയ്ക്കണം. ഒരു ദിവസത്തെ ഇടവേള എടുത്തിട്ട് സെക്കന്‍ഡ് കോട്ടിങ് തുടങ്ങാം.അതും പൂര്‍ത്തിയായ ശേഷം മൂന്നാലു ദിവസം 4 നേരം നനയ്ക്കുക.

ഒരു കട്ടിയുള്ള പാളി രൂപപ്പെട്ടു കഴിഞ്ഞു. ഇനി എത്ര വെയില്‍ അടിച്ചാലും തട്ട് ചൂട് പിടിക്കില്ല. പാരപ്പെറ്റിന്റെ ഭിത്തിയിലും അടിക്കാം. നിങ്ങളുടെ ടാങ്ക് കറുപ്പാണെല്‍ ഉള്ളിലെവെള്ളം ചൂടാകുന്നത് ഒഴിവാക്കാന്‍ ടാങ്കിലും ഇത് അടിക്കാവുന്നതാണ്. മിക്‌സ് കൃത്യമായി നല്ല രീതിയില്‍ ചെയ്യുകയാണെങ്കില്‍ രണ്ടോ മൂന്നോ കൊല്ലം ഇത് നിലനില്‍ക്കും.അതിനു ശേഷം വീണ്ടും പെയിന്റ് ചെയ്യാം.

ഉള്ളിലെ ചൂട് 5 ഡിഗ്രി വരെ പരമാവധികുറയുമെന്ന് കരുതപ്പെടുന്നു. ഫാന്‍ ഇടുമ്പോള്‍ നല്ല തണുത്ത കാറ്റ് ലഭിക്കും. പാരിസ്ഥിതിക പ്രശ്‌നം ഒന്നും തന്നെയില്ല.വ്യത്യാസം നിങ്ങള്ക്ക് നല്ല പോലെ അറിയാന്‍ സാധിക്കും.യാതൊരു മുന്‍പരിചയവും പെയിന്റിങ്ങിലോ മിക്‌സിങ്ങിലോ ആവശ്യമില്ല.സ്വന്തമായി ചെയ്യാം.

Related posts