വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി വിഴിഞ്ഞത്ത് കപ്പലടുപ്പിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം ഇന്നവസാനിക്കും. ഉറപ്പ് പാലിക്കണമെങ്കിൽ 2020 ഡിസംബർ വരെ കാത്തിരിക്കണമെന്നാണ് അദാനിയുടെ നിലപാട്. സർക്കാരിന്റെ മെല്ലപ്പോക്കും കരിങ്കല്ലിന്റെ ലഭ്യതക്കുറവും കാലാവസ്ഥ മാറ്റങ്ങളും നാലു വർഷങ്ങൾക്ക് മുന്പ് തുടങ്ങിയ കേരളത്തിന്റെ വികസന സ്വപ്നത്തിന് തിരിച്ചടിയായത്.
ഒന്നാം ഘട്ട പൂർത്തികരണത്തിന് മുന്പ് ആയിരം ദിവസത്തിനുള്ളിൽ കപ്പലടുപ്പിക്കുമെന്ന് 2015 നവംബർ അഞ്ചിലെ ഉദ്ഘാടന വേദിയിൽ അദാനി തന്നെ പ്രഖ്യാപനം നടത്തിയിരുന്നു . ഇതിന് തിരിച്ചടിയായത് പുലിമുട്ട് നിർമാണത്തിനുള്ള കരിങ്കല്ല് കിട്ടാതെ വന്നതാണ്. പ്രാദേശികമായി ലഭിച്ച മൂന്ന് ലക്ഷം ടൺ കല്ലിനു പുറമെ പുലിമുട്ടിനും മറ്റനുബന്ധ നിർമാണത്തിനുമായി ഇനിയും ഒരു ലക്ഷം ടൺ കല്ലുകൾ വേണ്ടിവരുമെന്നാണ് അധികൃതരുടെ വാദം.
ഇതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഇരുപതോളം ക്വാറികൾ അനുവദിച്ച് തരണമെന്ന് നിർമാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകാരം ലഭിച്ചത് മൂന്നെണ്ണത്തിന് മാത്രമാണ്. നൂലാമാലകൾ നീക്കി ഇത്രയും എണ്ണത്തിന് അംഗീകാരം നൽകാൻ അധികൃതർക്ക് മാസങ്ങൾ വേണ്ടിവരും.
പണികൾ പൂർത്തിയാക്കി ചരക്കുകപ്പലുകൾ വിഴിഞ്ഞത്ത് വരണമെങ്കിൽ അടുത്ത വർഷംവരെ കാത്തിരിക്കണമെന്നും അധികൃതർ പറയുന്നു. ഒന്നാം ഘട്ടം 2019 ഡിസംബറിലും രണ്ടാം ഘട്ടം 2024-27 ലും മൂന്നാം ഘട്ടം 2034-37 ലുമാണ് പൂർത്തികരിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഒന്നാം ഘട്ടത്തിന് ഒരു വർഷം അധികമായി വരുന്നത് മറ്റ് ഘട്ടങ്ങളെയും സാരമായി ബാധിക്കും.