രാജ്യത്താകെ പേരുകേട്ട തീര്‍ഥാടന കേന്ദ്രമാണ് ദക്ഷിണകന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കില്‍ നേത്രാവതിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ധര്‍മസ്ഥല. അവിടെയുള്ള ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, ജൈനമതാചാര്യനായ ബാഹുബലിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ പ്രതിമ, പഴയകാലത്തെ കാറുകളുടെയും പുരാതന രേഖകളുടെയും ചിത്രങ്ങളുടെയും മ്യൂസിയം തുടങ്ങിയവയെല്ലാം തീര്‍ഥാടകരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നവയാണ്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹെഗ്ഡെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രവും ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ധര്‍മാധികാരി എന്ന പേരിലാണ് ട്രസ്റ്റിന്റെ തലവന്‍ അറിയപ്പെടുന്നത്. അഞ്ചര പതിറ്റാണ്ടിലേറെയായി ധര്മാധികാരിയായി പ്രവര്‍ത്തിക്കുന്നത് ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയാണ്. രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ കര്‍ണാടക രാജ്യരത്ന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ധര്‍മസ്ഥലയില്‍ നടക്കാറുള്ള സര്‍വമത സമ്മേളനങ്ങളും സ്ത്രീധനത്തിനെതിരായ സമൂഹ വിവാഹങ്ങളും വ്യാപകമായ അംഗീകാരങ്ങള്‍ നേടിയിട്ടുള്ളതാണ്. ഗ്രാമീണ വികസനം, കുടിവെള്ള വിതരണം, പാവപ്പെട്ടവര്‍ക്ക് ധനസഹായം, ബാങ്ക് വായ്പകള്‍, യക്ഷഗാനം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളുടെയും ഗ്രാമീണ കരകൗശല വിദ്യകളുടെയും പ്രോത്സാഹനത്തിനായുള്ള പദ്ധതികള്‍, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം തുടങ്ങി ധര്‍മസ്ഥല ട്രസ്റ്റിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും കീര്‍ത്തികേട്ടതാണ്.
സ്കൂളുകള്‍ മുതല്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ്, ലോ കോളജുകള്‍ വരെയുള്ള 25 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്രസ്റ്റിനു കീഴില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നു.
ധര്‍മസ്ഥലയിലെ അന്നദാന ഹാളില്‍ ഓരോ ദിവസവും പതിനായിരത്തോളം പേര്‍ക്കാണ് സൗജന്യ ഭക്ഷണം നല്‍കുന്നത്. ഇവിടെയും ജാതിയോ മതമോ സാമ്പത്തികനിലയോ ഒന്നും പ്രസക്തമല്ല. ആരോഗ്യ മേഖലയിലും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
വിദൂര ഗ്രാമാന്തരങ്ങളിലെ സാധാരണക്കാര്‍ക്കായുള്ള സഞ്ചരിക്കുന്ന ആശുപത്രി, ആയുര്‍വേദ ആശുപത്രി, കണ്ണാശുപത്രി, ടിബി സാനിറ്റോറിയം, ദന്താശുപത്രി എന്നിവിടങ്ങളിലെല്ലാം പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നു. ഇങ്ങനെ പറഞ്ഞുതീരാത്ത വിശേഷങ്ങളുള്ള ഒരു സ്ഥലവും സംവിധാനങ്ങളുമാണ് ഇപ്പോള്‍ ഒരു മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് വിവാദങ്ങള്‍ക്കു നടുവിലായിരിക്കുന്നത്.
ധര്‍മസ്ഥല ട്രസ്റ്റിനെതിരായി ആരോപണങ്ങളുയരുന്നത് ആദ്യമായിട്ടല്ല. ട്രസ്റ്റിനു കീഴിലുള്ള ഉജിരെ എസ്ഡിഎം (ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര) കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പദ്മലതയുടെ മരണവുമായി ബന്ധപ്പെട്ട് 1986ലാണ് ധര്‍മസ്ഥല ട്രസ്റ്റിന്റെ അപ്രമാദിത്വത്തിനെതിരേ ആദ്യമായി ശക്തമായ ചോദ്യങ്ങളുയരുന്നത്. കോളജില്‍ നിന്ന് കാണാതായ പദ്മലതയെ നേത്രാവതി നദിക്കരയിലെ വനപ്രദേശത്ത് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, പോലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങി.
കേസ് എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്തു. പദ്മലതയ്ക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് എസ്ഡിഎം കോളജിലെ വിദ്യാര്‍ഥികള്‍ സമര രംഗത്തിറങ്ങിയെങ്കിലും പരീക്ഷയെഴുതാന്‍ പോലും അനുവദിക്കില്ലെന്ന ഭീഷണിക്കു മുന്നില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ മുന്നില്‍നിന്നത് ഡോ. വീരേന്ദ്ര ഹെഗ്ഡെ തന്നെയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ ട്രസ്റ്റ് അധികൃതര്‍ കോടതി ഉത്തരവ് പോലും നേടിയെടുത്തു. ഇതോടെ പദ്മലത കേസുമായി ബന്ധപ്പെട്ട് മാധ്യമവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുപോലും വിലക്ക് വന്നു. അത് ലംഘിച്ചുകൊണ്ട് വാര്‍ത്തകള്‍ നല്കാന് ധൈര്യം കാണിച്ചത് അമൃത എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായിരുന്ന ശങ്കര്‍ ഭട്ട് മാത്രമായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
ഈ സംഭവത്തിനു മുമ്പ് 1977ല്‍ വേദവല്ലി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടും ധര്‍മസ്ഥലയിലെ സംവിധാനങ്ങള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. പദ്മലത കേസ് ഒതുക്കിത്തീര്ത്തതിനു ശേഷവും ഇടയ്ക്കിടെ പല പുതിയ ആരോപണങ്ങളും ഉയര്‍ന്നുവന്നു. പക്ഷേ അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായും വലിയൊരു സ്ഥാപനത്തിനെതിരേ സ്വാഭാവികമായി ഉണ്ടാകുന്ന ശത്രുക്കളുടെ പ്രചാരണങ്ങളായും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്.
എന്നാല്‍, 2012ല്‍ എസ്ഡിഎം കോളജിലെ പിയുസി (കേരളത്തിലെ പ്ലസ്ടു) വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം ധര്‍മസ്ഥലയെ മാത്രമല്ല, കര്‍ണാടക സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. ആ കേസിലെ യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും കളത്തിനു പുറത്താണെന്ന ആരോപണം നിലനില്‍ക്കുകയാണ്. കുറ്റമേറ്റ് അറസ്റ്റിലായ വ്യക്തിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിടുകയും ചെയ്തു. ഈ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇപ്പോഴും സമരരംഗത്തുണ്ട്.
ഇതിനു പിന്നാലെയാണ് 1998നും 2014നും ഇടയിലുള്ള കാലത്ത് ധര്‍മസ്ഥലയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം നിരവധി പേരുടെ മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണത്തൊഴിലാളി രംഗത്തെത്തിയത്.
ഇയാളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ധര്‍മസ്ഥലയും കര്‍ണാടക പോലീസും എരിതീക്കു നടുവിലായിരിക്കുകയാണ്. ദാനധര്‍മങ്ങളുടെ പുണ്യഭൂമിയെന്ന് കേള്‍വികേട്ട ധര്‍മസ്ഥലയില്‍ പെണ്കുട്ടികള്ക്കുചുറ്റും വട്ടമിടുന്ന കഴുകന്മാരുണ്ടെന്നും അവര്‍ എത്രയോ കാലങ്ങളായി ആര്‍ക്കും തൊടാനാകാത്ത ഉയരങ്ങളില്‍ വട്ടമിടുകയാണെന്നുമുള്ള അറിവ് സാധാരണക്കാരെ ഞെട്ടിക്കുന്നതാണ്.
ശ്രീജിത് കൃഷ്ണന്