കൊച്ചി: അന്തരിച്ച മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹ മാധ്യമത്തില് അധിക്ഷേപിച്ച സംഭവത്തില് നടന് വിനായകനെതിരേ ഇന്ന് നടപടിയുണ്ടായേക്കും. എറണാകുളം നോര്ത്ത് പോലീസ് കേസ് എടുക്കുന്നതിനായി ഇന്ന് കോടതിയില് നിന്ന് അനുമതി വാങ്ങും. അതിനു ശേഷം ഇന്നു തന്നെ കേസ് രജിസ്റ്റര് ചെയ്യും.
നടന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ യൂത്ത് കോണ്ഗ്രസ് ഡിജിപിക്ക് പരാതി നല്കിയിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നവരുടെ മന:സാക്ഷിയെ വേദനിപ്പിക്കുന്നതാണ്. അണികളെ പ്രകോപിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള് സമൂഹ മാധ്യമത്തില് പങ്കുവയ്ക്കുന്നത് ക്രമസമാധാനം തകര്ക്കാന് സാധ്യതയുണ്ടെന്നും വിനായകന് വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന് നടപടിവേണമെന്നും യൂത്ത് കോണ്ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്കും എറണാകുളം നോര്ത്ത് പോലീസിലും നല്കിയ പരാതിയില് വ്യക്തമാക്കുന്നു.
ഇതേ പോസ്റ്റില് മഹാത്മാഗാന്ധി, ജവഹര്ലാല് നെഹ്റു, ഇന്ധിരാഗാന്ധി, രാജീവ് ഗാന്ധി ഉള്പ്പെടെയുള്ള മുന് പ്രധാനമന്ത്രിമാരെയും, അന്തരിച്ച മുന് മുഖ്യമന്ത്രിമാരായ കെ. കരുണാകരന്, ഉമ്മന് ചാണ്ടി, മുന് എംപി ജോര്ജ് ഈഡന് തുടങ്ങിയ ആളുകളെയും അധിക്ഷേപിക്കുന്ന തരത്തില് പരാമര്ശമുണ്ട്.
നേരത്തെ മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി അന്തരിച്ചപ്പോഴും അധിക്ഷേപവുമായി നടന് രംഗത്തെത്തിയിരുന്നു. അതേസമയം കഴിഞ്ഞദിവസം വിഎസിന് അന്ത്യാഭിവാദ്യവുമായി നടന് രംഗത്തെത്തിയിരുന്നു. എറണാകുളം കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില് പങ്കെടുത്തായിരുന്നു വിനായകന് വിഎസിന് അന്ത്യാഭിവാദ്യം അര്പ്പിച്ചത്.
ഇതിന്റെ ദൃശ്യങ്ങള് അടക്കം പുറത്തുവരികയും സംഭവം വാര്ത്തയാകുകയും ചെയ്തതിന് പിന്നാലെ വിനായകനെതിരേ സമൂഹമാധ്യമങ്ങളില് വ്യാപക ആക്രമണം നടന്നിരുന്നു. തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്നവരുടെ സ്ക്രീന്ഷോട്ടുകള് ഫേസ്ബുക്കിലൂടെ ആദ്യം പങ്കുവെച്ചങ്കിലും വിമര്ശനം കടുത്തതോടെ പിന്നീട് വിനായകന് ഇവ നീക്കം ചെയ്തു.