പഹയാ ബല്ലാത്ത ധൈര്യം തന്നെ അനക്ക് ! കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ ‘പച്ചത്തെറി’ ! എഴുതിയവനെ പൊക്കാന്‍ കൂട്ട കൈയക്ഷര പരിശോധന…

വിദേശഭാഷാ ചിത്രങ്ങള്‍ കണ്ടാല്‍ തലപോകുന്ന നാടാണ് ഉത്തരകൊറിയ. അങ്ങനെയിരിക്കെ ഉത്തരകൊറിയന്‍ ഏകാധിപതി കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ തെറിയെഴുതിയാലത്തെ അവസ്ഥ എന്താകും ?

ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യോങ് യാങ്ങിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

ഇതേ തുടര്‍ന്ന് ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാന്‍ കൈയക്ഷര പരിശോധന നടത്തുകയാണ് ഉത്തരകൊറിയന്‍ അധികാരികള്‍.

ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ ഡിസംബര്‍ 22-നാണ് നഗരത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

കിങ്ജോങ് ഉന്നിനെ അസഭ്യഭാഷയില്‍ അഭിസംബോധന ചെയ്യുന്ന ചുവരെഴുത്തില്‍ ഉന്‍ കാരണം ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു.

ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുവരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു.

എന്നാല്‍ ചുവരെഴുത്ത് നടത്തിയയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം.

ഇതിനായി വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്പിളുകള്‍ ശേഖരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

ഒപ്പം പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും കൈയക്ഷരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഇത്തരത്തില്‍ ആയിരക്കണക്കിനു പേരുടെ കൈയക്ഷരം പരിശേധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട ദിവസം നാട്ടുകാരുടെ പ്രവൃത്തികളെ സംബന്ധിച്ച് അവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും കോവിഡ് മഹാമാരിയേത്തുടര്‍ന്ന് ചൈനയുമായുള്ള അതിര്‍ത്തി അടച്ചതും കടുത്ത ക്ഷാമം രൂക്ഷമാക്കിയ സമയത്താണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

ഭരണാധികാരിക്കും ഭരണത്തിനും എതിരായ ചുമരെഴുത്ത് ഉത്തര കൊറിയയില്‍ വലിയ കുറ്റമാണ്.

Related posts

Leave a Comment