പ്രണയം ഒരു മാനസിക രോഗമാണോ ? പ്രണയിച്ചതിന്റെ പേരില്‍ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി വീട്ടുകാര്‍; തൃശ്ശൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ അവസാനം ഉണ്ടായ ട്വിസ്റ്റ് ഇങ്ങനെ…

പ്രണയിച്ചതിന്റെ പേരില്‍ യുവതിയെ മാനസിക കേന്ദ്രത്തിലാക്കിയ വീട്ടുകാര്‍ക്കെതിരേ കേസെടുത്തു. പ്രണയിച്ച യുവാവിനെ വിവാഹം ചെയ്യുന്നത് തടയാനാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ തള്ളിയതെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് രണ്ട് തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പെണ്‍കുട്ടിയുണ്ടെന്ന് പൊലീസ് കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു.

ബിഡിഎസ് വിദ്യാര്‍ഥിനിയായ യുവതി പ്രണയിച്ച യുവാവിന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനെ ചൊല്ലിയാണ് വീട്ടുകാര്‍ ഇടഞ്ഞത്. ഇതോടെ വരന്തരപ്പള്ളി സ്വദേശിയുമായി രജിസ്റ്റര്‍ വിവാഹത്തിന് യുവതി അപേക്ഷ നല്‍കി. വിവാഹം നടത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ അച്ഛന്‍ കൂട്ടിക്കൊണ്ട് വന്ന ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയായിരുന്നു. മാനസികമായി യാതൊരു അസ്വസ്ഥതയും ഇല്ലാതിരിന്നിട്ടു കൂടി കുത്തിവയ്പ്പുകള്‍ നല്‍കിയും മരുന്നു കഴിപ്പിച്ചും യുവതിയെ ക്ഷീണിതയാക്കിയിരുന്നു.

ഒടുവില്‍ യുവതിയെ പൊലീസ് സംരക്ഷണത്തില്‍ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവിനും സഹോദരനും ബന്ധുവിനുമെതിരായ കേസ് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ടു മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാനും നിര്‍ദേശം നല്‍കി. യുവതിയുടെ അച്ഛന്‍ ചെറുകര സ്വദേശി അലി, സഹോദരന്‍ ഷഫീഖ്, ബന്ധു നാട്ടുകല്‍ സ്വദേശി ഷഹീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. യുവതിയെ കോടതി പ്രണയിച്ച യുവാവിനൊപ്പം വിടുകയും ചെയ്തു.

Related posts