റായ്പുർ: വീട് കേന്ദ്രീകരിച്ച് അനാശ്യം നടത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ആസിഡും ബ്ലേഡും ഉപയോഗിച്ച് ആക്രമണം. യുവതിക ളുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. നാട്ടുകാരെ ആക്രമിച്ച പെൺകുട്ടികളെ അറസ്റ്റ് ചെയ്തു പോലീസ്.
ഇവർ പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് പതിവായി ക്ഷണിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇക്കാര്യം ചോദ്യം ചെയ്യാനായി തിങ്കളാഴ്ച രാവിലെ ഏതാനും സമീപവാസികൾ പെൺകുട്ടികൾ താമസിച്ചിരുന്ന വീട്ടിലെത്തി അപരിചിതരെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്നും പറഞ്ഞു.
തുടർന്ന് വാക്കേറ്റം രൂക്ഷമായതോടെ വീടിനുള്ളിലേക്ക് ഓടിപ്പോയ യുവതികൾ ബ്ലേഡും ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന ടോയ്ലെറ്റ് ക്ലീനറുമായി വന്ന് പുറത്തുനിന്നവരെ ആക്രമിക്കുകയായിരുന്നു.
ആസിഡ് മുഖത്തും കണ്ണിലും വീണാണ് അധികം പേർക്കും പൊള്ളലേറ്റത്. കൂടാതെ നാട്ടുകാർക്കുനേരെ യുവതികൾ കല്ലെറിയുകയും ചെയ്തു. ഛത്തീസ്ഗഡിലെ ദുർഗിൽ സിദ്ധാർഥ് നഗറിൽ നാലു യുവതികളാണ് നാട്ടുകാരെ ആക്രമിച്ചത്. ഇതിൽ രണ്ടുപേർ വിദ്യാർഥികളും മറ്റു രണ്ടുപേർ ജോലി ചെയ്യുന്നവരുമാണ്. പ്രതികളെ ദുർഗ് സിറ്റി കോട്ട്വാലി പോലീസ് അറസ്റ്റ് ചെയ്തു.

