അതിവേഗം ബഹുദൂരം! പട്ടിക പ്രഖ്യാപിക്കും മുമ്പേ ഉമ്മന്‍ചാണ്ടിക്കായി ചുവരെഴുത്തുകള്‍; പോസ്റ്ററിന്റെയും ബാനറിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തില്‍

UMMANകോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയെ കൈപ്പത്തി അടയാളത്തില്‍ വോട്ടു ചെയ്ത് വിജയിപ്പിക്കുക എന്നുള്ള ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കൂരോപ്പട പഞ്ചായത്തിലെ അമ്പലപ്പടി, തീപ്പെട്ടിക്കമ്പനി, എരുത്തുപുഴ, പങ്ങട, ളാക്കാട്ടൂര്‍ പ്രദേശങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചില്ലെങ്കിലും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണെന്നാണു  ഇവിടുത്തെ പ്രാദേശിക നേതാക്കള്‍ പറയുന്നത്.
അതേസമയം  കോട്ടയം മണ്ഡലത്തിലെ വിവിധപ്രദേശങ്ങളില്‍  മതിലുകള്‍ ബുക്കു ചെയ്ത് വെള്ള പൂശി കൈ അടയാളവും വരച്ചു പേരെഴുതാനായി  ഒഴിച്ചിട്ടിരിക്കുകയാണ്. കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇതേ രീതിയില്‍ മതിലുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. പോസ്റ്ററിന്റെയും ബാനറിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാലുടന്‍ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.

Related posts