പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ഗജരാജമണ്ഡപത്തിന്റെ സമര്‍പ്പണവും ഉദ്ഘാടനവും 12നു നടക്കും. നിലവിലുണ്ടായിരുന്ന ഗജരാജമണ്ഡപം ജീര്‍ണതയിലായതോടെ ഭക്തജനങ്ങളുടെ സഹകരണത്തിലാണ ് പുതിയ മണ്ഡപം നിര്‍മിച്ചിരിക്കുന്നതെന്ന് ക്ഷേത്രപദേശകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് രാവിലെ ഒമ്പതിനു ചേരുന്ന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആര്. ഗീതാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സുരേഷ് ഗോപി എംപി മുഖ്യപ്രഭാഷണം നടത്തും.
വാസ്തുവിദ്യാ ഗുരുകുലം ചീഫ് ഇന്‍സ്ട്രക്ടര്‍ എ.ബി. ശിവനെ ദേവസ്വം ബോര്‍ഡംഗം അജയ് തറയിലും മുഖ്യശില്പി കോട്ടയം വി.ശിവരാമന് ആചാരിയെ ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദും ആദരിക്കും. നിര്‍മാണത്തില്‍ നേതൃത്വം നല്കിയ മാന്നാര്‍ അനന്തന് ആചാരി, ആറന്മുള കെ.പി. പ്രസാദ്, രാമചന്ദ്രന് ആചാര്യ എന്നിവരെയും ആദരിക്കും.
മുന്‍ എംഎല്‍എമാരായ പി.കെ. കുമാരന്, മാലേത്ത് സരളാദേവി, എ. പത്മകുമാര്‍, തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമണ്‍ കാളിദാസ ഭട്ടതിരി, പൈതൃക ഗ്രാമകര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.ജി. ശശിധരന് പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11.15നും 11.45നും മധ്യേയാണ് ഗജരാജമണ്ഡപത്തിന്റെ സമര്‍പ്പണം.
2015 ജനുവരി 21നാണ് ആനക്കൊട്ടിലിന്റെ പുനരുദ്ധാരണത്തിനായി ഉളികുത്തല്‍ കര്‍മം നടന്നത്. പ്രസിഡന്റ് ആര്. ഗീതാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് വിജയമ്മ എസ്.പിള്ള, സെക്രട്ടറി ടി.എ. അനില്‍ കുമാര്‍, കണ്‍വീനര്‍ വി.പി. ശശിധരന് നായര്‍, ഏകോപനസമിതി പ്രസിഡന്റ് ശശീന്ദ്രന് നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.