ഇടതു മന്ത്രിസഭ ഇന്ന്; മന്ത്രിമാരുടെ പട്ടിക പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കൈമാറി, മന്ത്രിസഭയില്‍ 19 പേര്‍, സത്യപ്രതിജ്ഞ വൈകുന്നേരം നാലിന്

Pinarayiസ്വന്തം ലേഖകന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ ഇടതുമുന്നണി മന്ത്രിസഭ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് അധികാരമേല്‍ക്കുന്ന മന്ത്രിമാരുടെ പട്ടിക പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറി. രാവിലെ 9.10-ഓടെ പിണറായിയുടെ ഫഌറ്റില്‍ നിന്നും എകെജി സെന്ററിലെത്തിയ ശേഷമാണ് അദ്ദേഹം രാജ്ഭവനിലേക്ക് പോയത്. ഗവര്‍ണര്‍ പി.സദാശിവം പിണറായിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ച് മന്ത്രിമാരുടെ പട്ടിക ഏറ്റുവാങ്ങി.

വൈകുന്നേരം നാലിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണു ചടങ്ങ്. ഗവര്‍ണര്‍ പി. സദാശിവം നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും  നിയുക്ത മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. സിപിഎമ്മില്‍നിന്നു പിണറായി വിജയന്‍ ഉള്‍പ്പെടെ പന്ത്രണ്ടു പേരും സിപിഐയില്‍നിന്നു നാലു പേരും കോണ്‍ഗ്രസ്-എസ്, എന്‍സിപി, ജനതാദള്‍-എസ് പാര്‍ട്ടികളില്‍നിന്ന് ഓരോരുത്തരുമാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ പട്ടിക ഇന്നു രാവിലെ 9.30നു പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു കൈമാറും.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ ചീഫ് സെക്രട്ടറി സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കും. ഗവര്‍ണര്‍ അദ്ദേഹത്തിനു സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്നു മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം മൂന്നരയോടെ സത്യപ്രതിജ്ഞ ചെയ്യേണ്ടവര്‍ പ്രധാന വേദിയില്‍ എത്തിച്ചേരും. 3.50-നു ഗവര്‍ണര്‍ എത്തും. ഇതോടെയാകും ചടങ്ങുകള്‍ ആരംഭിക്കുക. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ വൈകുന്നേരം രാജ്ഭവനില്‍ ചായ സല്‍്കകാരം ഒരുക്കിയിട്ടുണ്ട്.

സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചു രാവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നു തീരുമാനമെടുക്കും. ഘടകകക്ഷികളുടെ വകുപ്പുകള്‍ തീരുമാനിക്കുന്നതിനായി ഇടതുമുന്നണി യോഗവും രാവിലെ ചേരും. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുന്നതിനായി ഉച്ചകഴിഞ്ഞു രണ്ടുമണിക്കു പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരും. സത്യപ്രതിജ്ഞയ്ക്കുശേഷം പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ടുള്ള ആദ്യത്തെ മന്ത്രിസഭാ യോഗം ചേരും. നിയമസഭാ സമ്മേളനത്തിനുള്ള തീയതിയും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.

30,000 പേര്‍ക്കു സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ ഒരുക്കങ്ങളാണു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍, യാതൊരുവിധത്തിലുള്ള ആര്‍ഭാടങ്ങളും പാടില്ലെന്നുള്ള കര്‍ശന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്കു ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. തിരക്കുമൂലം സ്റ്റേഡിയത്തിനുള്ളിലേക്കു കടക്കാന്‍ കഴിയാത്തവര്‍ക്കു ചടങ്ങു കാണാനായി പുറത്തു നാലിടത്തു വലിയ എല്‍ഇഡി സ്ഥാപിച്ചിട്ടുണ്ട്. വിഐപികളുടെ വാഹനങ്ങള്‍ മാത്രമേ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിപ്പിക്കൂ.

മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. ദേശീയ നേതാക്കള്‍ ആരൊക്കെ എത്തുമെന്നതിനെ സംബന്ധിച്ച അറിയിപ്പൊന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കു ലഭിച്ചിട്ടില്ല. 2006-ലെ വി.എസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണു നടന്നത്.

Related posts