ഇനി പരിഭ്രമമില്ലാതെ വോട്ടുചെയ്യാം… വോട്ടിംഗ് ഈസിയാക്കി വോട്ടുസന്ദേശയാത്ര

alp-votingആലപ്പുഴ: മൂന്നാംവട്ടം വോട്ടുചെയ്യാന്‍ ഒരുങ്ങുന്ന മുംതാസിനു ഇനി പരിഭ്രമമില്ലാതെ വോട്ടുചെയ്യാം. ഇന്നലെ ജില്ലയില്‍ പര്യടനമാരംഭിച്ച വോട്ട് വണ്ടിയില്‍ പലവട്ടം വോട്ടുചെയ്തു പരിശീലിച്ചാണ് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃഷ്ണപുരം കോവിലത്ത് പടിഞ്ഞാറെ ചിറയില്‍ മുംതാസ് മനഃപാഠമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിംഗ് യന്ത്രം വോട്ടര്‍മാര്‍ക്കു പരിചയപ്പെടുത്തുന്നതിനും ബോധവത്കര ണത്തിനുമായി തെരഞ്ഞെടുപ്പ് കമ്മിഷനും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഫ്‌ളാഗ് ഓഫ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയി നിര്‍വഹിച്ചു. കൃഷ്ണപുരം യുവജന സംഘടന ഗ്രന്ഥശാല ആന്‍ഡ് വായനശാല അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ഗ്രന്ഥശാല പ്രസിഡന്റ് കെ. ശ്രീകുമാര്‍, സെക്രട്ടറി സി.എ. അരുണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാഹനത്തില്‍ മുന്‍കാല തെരഞ്ഞെടുപ്പിന്റെ ചിത്രങ്ങളും വോട്ട് ബോധവത്കരണത്തിനായി പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റ വീഡിയോ പ്രദര്‍ശനവുമുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കാനുള്ള ഉദ്യോഗസ്ഥരും വാഹനത്തിലുണ്ട്.
വിവിധ സ്ഥലങ്ങളില്‍ നിരവധി പേരാണു വാഹനത്തില്‍ ഒരുക്കിയിരിക്കുന്ന വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് ചെയ്യാനെത്തിയത്. വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നത് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, പി.സി. സുമേഷ്, കെ.പി. അനീഷ് എന്നിവരാണ്.

കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും തുടര്‍ന്നു കൃഷ്ണപുരം, ചാരുംമൂട്, ചെട്ടികുളങ്ങര, മുതുകുളം, കാര്‍ത്തികപ്പള്ളി, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലും വോട്ടുസന്ദേശയാത്രയെത്തി. ഇന്ന് ഹരിപ്പാട് മാധവ ജംഗ്ഷന്‍, പായിപ്പാട്, മാന്നാര്‍, ബുധനൂര്‍, ആല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ വോട്ട് സന്ദേശയാത്രയെത്തും.

Related posts