ന്യൂഡല്‍ഹി: വിദേശികള്‍ക്ക് ഇന്ത്യാ സന്ദര്‍ശനം ലളിതമാക്കുന്നതിന്റെ ഭാഗമായി ഇ-വീസാ സൗകര്യം പുതുതായി 37 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഫെബ്രുവരി 26നു (വെള്ളി) ഈ സൗകര്യം പ്രാബല്യത്തിലായി. ഇതോടെ ഇ- വീസാ സൗകര്യം ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 150 ആയി.
സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ഡെന്മാര്ക്ക്, ബള്‍ഗേറിയ, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, ക്രൊയേഷ്യ, സെര്‍ബിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ ഘാന, നമീബിയ, റുമാനിയ, സ്ലൊവാക്യ, ദക്ഷിണാഫ്രിക്ക, ബ്രൂണൈ, ബോട്സ്വാന, സാംബിയ, സിംബാബ്വെ തുടങ്ങിയ 37 രാജ്യങ്ങളാണ് പുതിയ പട്ടികയിലുള്ളത്. ഇതോടെ നെടുമ്പാശേരി ഉള്‍പ്പെടെ ഇന്ത്യയിലെ 16 വിമാനത്താവളങ്ങളില്‍ ഇ-വീസാ സൗകര്യം ലഭ്യമാവും.
അതാതു രാജ്യങ്ങളിലെ പൗരന്മാന് ഇന്ത്യ സന്ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ വീസക്കായി അപേക്ഷിക്കുകയും തുടര്‍ന്നു ഡെസ്റ്റിനേഷന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇത്തരക്കാര്‍ക്ക് ഇലക്ട്രോണിക് വീസ അനുവദിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടൂറിസ്റ്റ് വീസ സമ്പ്രദായം. 2014 നവംബര്‍ 27 നാണ് പദ്ധതി നിലവില്‍ വന്നത്. ഇതിനോടകം ഏഴര ലക്ഷം വിദേശസഞ്ചാരികള്‍ ഇ-വീസയുമായി രാജ്യത്തെത്തിയതായിട്ടാണ് കണക്ക്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍