ഇറാനിയന്‍ പത്തേമാരിയുടെ ഭാവി കേന്ദ്രത്തിന്റെ കൈയില്‍

TVM-IRANIYANവിഴിഞ്ഞം: ഏറെ ദുരൂഹതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കാരണമായ ഇറാനിയന്‍ പത്തേമാരിയുടെ ഭാവി ഇനി കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍.സ്മാരകമായി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പത്തേമാരിയെ വേണമെങ്കില്‍ സര്‍ക്കാരിന് പൊളിച്ച് മാറ്റാം അല്ലെങ്കില്‍ ലേലം ചെയ്ത് വിറ്റ് പണമാക്കം. ബോട്ടിന് ഇനി ഇറാനിലേക്ക് ഒരുമടക്കയാത്രയില്ലെന്ന് അധികൃതര്‍. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് ദുരൂഹ സാഹചര്യത്തില്‍ അലഞ്ഞ ഇറാന്‍ ബോട്ടിലെ 12 അംഗ സംഘത്തിന് സ്വന്തം നാട് കാണാനുള്ള ഭാഗ്യമുണ്ടായെങ്കിലും ഇവര്‍ക്ക് വന്ന വഴി മറക്കേണ്ടി വരും.

ഇന്ത്യന്‍  കടല്‍ നിയമം അനുസരിച്ച് പത്തേമാരി കണ്ടുകെട്ടാം.പ്രവര്‍ത്തനം നിലച്ചെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ അത്യാധുനിക സംവിധാനങ്ങളുള്ള  പത്തേമാരിയെ തീരദേശ പോലീസിന്റെ സംരക്ഷണയിലാണ്.ബന്ധപ്പെട്ടവരുടെ തീരുമാനം വരുന്നതുവരെ ഇനിയും സംരക്ഷണം തുടരുമെന്നാണ് അറിയുന്നത്.തങ്ങള്‍ക്ക് അധിക ജോലിയായി മാറിയ പത്തേമാരിയെ മാറ്റണമെന്ന തീരദേശ പോലീസിന്റെയും അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് കൂടുതല്‍ കടല്‍ യാനങ്ങള്‍ വരുന്നതോടെ  തിരക്കിലമരുന്ന തുറമുഖത്ത് നിന്ന് ഇതിനെ മാറ്റണമെന്ന  പോര്‍ട്ട് അധികൃതരുടേയും ആവശ്യം ഇനി സര്‍ക്കാരിന്റെ പരിഗണനയിലാകും.

കോടതി വിധി വന്നതോടെ കേസ് അന്വേഷിച്ച് വന്നിരുന്ന ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക്  പത്തേമാരിയിലുണ്ടായിരുന്ന നിയന്ത്രണം ഇല്ലാതാവുമെന്നും അറിയുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ 10 ഇറാന്‍കാര്‍ ഒരു പാകിസ്ഥാന്‍കാരന്‍ എന്നിവരെ വെറുതെ വിടുകയും അതിര്‍ത്തി ലംഘിച്ചതിന് ക്യാപ്റ്റനെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്.ഇയാളെ ജാമ്യത്തില്‍ വിട്ടയക്കും.എംബസിയുടെ സഹായത്തോടെയാകും ഇവര്‍ നാട്ടിലേക്ക് മടങ്ങുക. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ആലപ്പുഴ തീരത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഇറാന്‍ ബോട്ടിനെയും അതിലുണ്ടായിരുന്ന 12 അംഗ സംഘത്തെയും കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ വിഴിഞ്ഞത്ത് എത്തിച്ചത്.

Related posts