കോഴിക്കോട്: നഗരത്തില്‍ വീടില്ലെന്ന ഒളിമ്പ്യന്‍ പി.ടി.ഉഷയുടെ അഭ്യര്‍ഥന മാനിച്ച് സര്‍ക്കാര്‍ അനുവദിച്ച പത്ത് സെന്റ് ഭൂമി, വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിംഗ് കോളജിന്റെ ലേഡീസ് ഹോസ്റ്റലിന് നീക്കിവെച്ച സ്ഥലം. ഗവ.എന്‍ജിനിയറിംഗ് കോളജിനു പിന്നിലായി ടി.പി.നാരായണന് നായര്‍ റോഡിലെ പോളിടെക്നിക് ക്വാര്ട്ടേഴ്സുകളോട് ചേര്‍ന്നതാണ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിന്റെ കൈവശമുള്ള ഈ ഭൂമി.
150 പെണ്‍കുട്ടികള്‍ താമസിക്കുന്ന എന്‍ജിനിയറിംഗ് കോളജ് ഹോസ്റ്റലിനോട് തൊട്ടുകിടക്കുന്ന ഇവിടെ, മറ്റൊരു ലേഡീസ് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നേരത്തെ 20 ലക്ഷം രൂപ ആദ്യഗഡുവായി അനുവദിച്ചിരുന്നു. ലേഡീസ് ഹോസ്റ്റലിനു പുറമെ അധ്യാപകരുടെ ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനായും നീക്കിവെച്ച ഭൂമിക്ക് കോടികള്‍ വിലവരും. അതേസമയം, നഗരത്തില്‍ വീടില്ലെന്ന ഉഷയുടെ പരാതി വ്യാജമാണെന്നു തെളിയിക്കാന്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ പോളിടെക്നിക്-എന്‍ജിനിയറിംഗ് കോളജ്് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി.
വെസ്റ്റ്ഹില്‍ ചുങ്കം ജംഗ്ഷനു സമീപം മിനി ബൈപാസിനോടു ചേര്‍ന്ന അര ഏക്കര്‍ ഭൂമിയും പഴയ ആര്‍സിസി വീടും ഉഷയ്ക്ക് സ്വന്തമായുണ്ടെന്ന് നാട്ടുകാര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് 30 സെന്റും വീടുമാണ് വാങ്ങിയത്. നഗരപരിസരത്തെ കസബ, പുതിയങ്ങാടി, നഗരം, ബേപ്പൂര്‍,പന്തീരാങ്കാവ്, പുതിയങ്ങാടി, കാക്കൂര്‍ വില്ലേജുകളിലായി ഏക്കര്‍ കണക്കിന് റവന്യു ഭൂമി ഉണ്ടായിട്ടും ടെക്നിക്കല്‍ എഡ്യുക്കഷന്‍ വകുപ്പിന്റെ സ്ഥലം കൈവശപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് പോളിടെക്നിക് കോളജ് വിദ്യാര്‍ഥി യൂണിയന് ചെയര്മാന് പി.ഷാരോണ്‍ വ്യക്തമാക്കി. ഉഷ പിന്മാറിയില്ലെങ്കില് ഇരു കോളജുകളിലേയും വിദ്യാര്‍ഥികള്‍ സംയുക്തമായി പ്രക്ഷോഭത്തിനിറങ്ങുമെന്നും ഷാരോണ്‍ പറഞ്ഞു.
ഹോസ്റ്റലില്‍ സൗകര്യമില്ലാത്തതിനാല്‍ ഗവ.എന്‍ജിനിയറിംഗ് കോളജിലെ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ പലയിടങ്ങളില്‍ താമസിച്ചു പഠിക്കുകയാണ്. അടുത്തിടെ നിര്‍മിച്ച ഏക ഹോസ്റ്റലില്‍ 150 പേര്‍ക്കേ സൗകര്യമുള്ളൂ. ഇതിനോടു ചേര്‍ന്ന് രണ്ടാമതൊരു ഹോസ്റ്റല്‍ നിര്‍മിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ 20 ലക്ഷം രൂപ ആദ്യഗഡുവായി നല്‍കിയിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പലിനും, അധ്യാപകര്‍ക്കും ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കാന്‍ ഇതേ സ്ഥലത്തില്‍ നിന്നാണ് നീക്കിവെച്ചിരിക്കുന്നത്. അതില്‍ നിന്ന് ഒരിഞ്ചുപോലും കൈവശപ്പെടുത്താന്‍ ആരേയും അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്കി.