കടപ്പാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി; തളികക്കല്ല് ആദിവാസി കോളനിറോഡ് നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടിവരും

pkd-roadnirmanamമംഗലംഡാം: കടപ്പാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതു വനത്തിനകത്തെ തളികക്കല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡ് നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നു ആശങ്ക. റോഡ് നിര്‍മാണം കടപ്പാറയില്‍നിന്നും രണ്ടു കിലോമീറ്റര്‍ പിന്നിട്ട് പോത്തംതോട് വരെയെത്തി. എന്നാല്‍ റോഡ് പണിയില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്കു കുടിവെള്ളം കിട്ടാനില്ലാത്ത സ്ഥിതിയാണിപ്പോള്‍. പോത്തംതോട് ഭാഗത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള കടപ്പാറ സെന്ററിനടുത്തെ വള്ളിക്കാട്ട് ജോര്‍ജിന്റെ കിണറ്റില്‍ നിന്നാണ് കുടിവെള്ളം കൊണ്ടുപോകുന്നത്.

അങ്കമാലിയില്‍ നിന്നുള്ള 20 തൊഴിലാളികളാണ് കടപ്പാറയില്‍ താമസിച്ച് റോഡുപണി ചെയ്യുന്നത്. വെള്ളം ഉപയോഗിച്ചുള്ള റോഡുപണിയൊന്നും ഇപ്പോള്‍ നടത്തുന്നില്ല. എന്നാല്‍ കുടിയ്ക്കാന്‍ പോലും വെള്ളം കിട്ടിയില്ലെങ്കില്‍ പണികള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നു തൊഴിലാളികള്‍ പറയുന്നു.  കുളിയും തുണികഴുകലുമെല്ലാം കാട്ടുചോലയിലെ കുഴികളിലെ വെള്ളത്തിലാണ് നടത്തുന്നത്. റോഡിന്റെ മണ്ണുപണികള്‍ പുരോഗമിക്കുന്നതിനാല്‍ അരയടിയോളമാണ് മണ്ണിളകി പ്രദേശമാകെ പൊടിനിറയുന്നത്. ഇടയ്ക്ക് കല്ലുമായി ടിപ്പര്‍ ഓടിയാല്‍ പിന്നെ കുറേസമയം കണ്ണുതുറക്കാനാകില്ല. വഴിയോരത്തെ വീടുകളെല്ലാം പൊടിയില്‍ മുങ്ങിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജനുവരി 20നാണ് റോഡുനിര്‍മാണം ആരംഭിച്ചത്.  മഴയ്ക്കു മുമ്പ് പോത്തംതോടിനു കുറുകെയുളള പാലത്തിന്റെ സംരക്ഷണഭിത്തിയെങ്കിലും പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഓരോദിവസം പിന്നിടുംതോറും ജലക്ഷാമം അതിരൂക്ഷമായ സ്ഥിതിയിലേക്കു നീങ്ങുന്നതിനാല്‍  ഉദ്ദേശിച്ചരീതിയില്‍ പണികള്‍ വേഗത്തിലാക്കാന്‍ കഴിയില്ല. പോത്തംതോടിനു കുറുകെ പാലവും അവിടെനിന്നും കോളനിയിലേക്കു രണ്ടു കിലോമീറ്ററോളം ദൂരവും റോഡ് ലെവല്‍ ചെയ്ത് വേണം റോഡില്‍ കോണ്‍ക്രീറ്റ് ടൈല്‍സ് വിരിക്കാന്‍.

കുത്തനെ കയറ്റമുള്ള ഭാഗങ്ങളില്‍ കരിങ്കല്ലു വിരിച്ച് കോണ്‍ക്രീറ്റ് ചെയ്യും. മറ്റിടങ്ങളിലാണ് ടൈല്‍സ് വിരിയ്ക്കുന്നത്. വനപ്രദേശമായതിനാല്‍ ടാറിംഗ് പാടില്ലെന്ന വനംവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടൈല്‍സ് വിരിച്ച് റോഡ് നിര്‍മിക്കുന്നത്. മൂന്നുമീറ്റര്‍ വീതിയിലും പതിനൊന്നു മീറ്റര്‍ നീളത്തിലും പത്തടി ഉയരത്തിലുമാണ് പോത്തംതോട്ടില്‍ പാലം നിര്‍മിയ്ക്കുന്നത്.

Related posts