കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറി കെട്ടിട്ടം ഉദ്ഘാടനത്തോടെ അടച്ചപൂട്ടി

KLM-MORTUARYകടയ്ക്കല്‍: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ഷെഡില്‍. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും മോര്‍ച്ചറിയുടെ പ്രവര്‍ത്തനം താല്‍ക്കാലിക ഷെഡില്‍ നടത്തുന്നത് അധികൃതരുടെ ഉദാസീനതയാണ് ചൂണ്ടിക്കാട്ടുന്നത്. മൃതദേഹങ്ങള്‍ താല്‍ക്കാലിക ഷെഡിലെ മോര്‍ച്ചറിയ്ക്കുള്ളില്‍ സൂക്ഷിക്കുന്നതിനാല്‍ അവ അഴുകി ഉറുമ്പരിക്കുന്ന അവസ്ഥയാണുള്ളതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പുറത്തെടുത്തപ്പോള്‍ അഴുകിയ നിലയിലായതിനെ തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കളും ആശുപത്രി ജീവനക്കാരുമായി വാക്കേറ്റം നടന്നിരുന്നു. പിന്നീട് രാഷ്ട്രീയ നേതാക്കള്‍ സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

ഷീറ്റിട്ട് നിര്‍മിച്ച താല്‍ക്കാലിക ഷെഡിലാണ് ഇപ്പോള്‍ മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ മോര്‍ച്ചറി തുടങ്ങാനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വളരെ പെട്ടെന്നാണ് അധികൃതര്‍ നടത്തിയത്. എന്നാല്‍ ഫ്രീസര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടേക്ക് മാറ്റാതിരുന്നതിനാല്‍ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കുന്ന മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍ അഴുകുന്നതിന് ഇടയാക്കിയെന്നാണ് ആരോപണമുയരുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഉദ്ഘാടനം നടത്തിയതിനാല്‍ മോര്‍ച്ചറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുനടക്കാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച മോര്‍ച്ചറി കെട്ടിടമാണ് അധികൃതരുടെ അനാസ്ഥമൂലം അനാഥമായി കിടക്കുന്നത്.

കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയ ജനപ്രതിനിധികളാരുംതന്നെ പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും ഇതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് പൊതുഅഭിപ്രായം. എംസി റോഡില്‍ ദിനംപ്രതിയുണ്ടാകുന്ന അപകടങ്ങളില്‍ ഉള്‍പ്പെടെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പുനലൂര്‍ കഴിഞ്ഞാല്‍ മോര്‍ച്ചറി സൗകര്യമുള്ള ഏക താലൂക്ക് ആശുപത്രിയാണ് കടയ്ക്കലിലേത്. താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കുന്ന മോര്‍ച്ചറി അടിയന്തിരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.

Related posts