കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് 14ന് ബിജെപി മാര്‍ച്ച് നടത്തും

knr-BJPകണ്ണൂര്‍: ജയരാജനെ പ്രതിയാക്കാനല്ല, സിപിഎമ്മിലെ ഉന്നതനേതാക്കളുടെ പങ്ക് മനസിലാക്കാനാണ് പി. ജയരാജനെ സിബിഐ ചോദ്യംചെയ്യുന്നതെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത നേതാക്കളുടെ പങ്ക് ജയരാജന്‍ വെളിപ്പെടുത്തുമെന്ന ഭയം കാരണമാണ് ആശുപത്രിയില്‍ നിന്നല്ലാതെ ജയരാജനെ ചോദ്യംചെയ്യാന്‍ അനുവദിക്കില്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞത്.

മനോജിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ സിപിഎമ്മിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ്. കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചപ്പോള്‍ ജയിലില്‍ പോകുന്നതിനു പകരം ഡോക്ടര്‍മാരേയും യുഡിഎഫിനേയും സ്വാധീനിച്ച് വീണ്ടും ആശുപത്രി വാസം തരപ്പെടുത്തുകയായിരുന്നു.

ജയരാജന് ഒത്താശ ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ആദ്യഘട്ട പ്രതിഷേധ പരിപാടിയുടെ ഭാഗമായി 14ന് രാവിലെ 10ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. റിമാന്‍ഡ് പ്രതിയെ സര്‍ക്കാര്‍ ആശുപത്രിക്ക് പകരം സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്ക് അയച്ചത് യുഡിഎഫ് സിപിഎമ്മിന്റെ സ്വാധീനത്തിനു വഴങ്ങിയത് കൊണ്ടാണ്. കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്.

ജയകൃഷ്ണന്‍ വധക്കേസും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കിയിട്ടുണ്ടെന്നും തില്ലങ്കേരി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ആര്‍എസ്എസ് നേതാവ് കെ.വി. പ്രജില്‍ എന്നിവരും പങ്കെടുത്തു.

Related posts