കല്ലാച്ചിയില്‍ മിനി സിവില്‍ സ്‌റ്റേഷന് കെട്ടിടമായി; ഉദ്ഘാടനം നീളുന്നു

kkd-minicivilനാദാപുരം: പഞ്ചായത്തിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കെട്ടിടത്തിലാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ട് കാലമേറെയായെങ്കിലും ഉദ്ഘാടനം നീളുന്നു.  കല്ലാച്ചി ടൗണില്‍നിന്ന് ഒരു വിളിപ്പാടകളെയാണ് ഏറെ സൗകര്യങ്ങളോടെ മിനി സിവില്‍ സ്റ്റേഷന്‍ പണിതത്. 2008ല്‍ ബിനോയ് വിശ്വം എംഎല്‍എ ആയിരുന്ന കാലത്ത് മിനി സിവില്‍ സ്റ്റേഷന് ഫണ്ട് അനുവദിക്കുകയും 2009 മാര്‍ച്ച് ഒന്നിനാണ് കല്ലാച്ചിയില്‍ മിനി സിവില്‍ സ്‌റ്റേഷന് മന്ത്രി എ.കെ. ബാലന്‍ തറക്കല്ലിട്ടത്.

ട്രഷറി, ഇലക്ട്രിസിറ്റി ഓഫീസ്, എഇഒ ഓഫീസ്, കൃഷിഭവന്‍ ഉള്‍പ്പെടെ വാടകക്കെട്ടിടത്തില്‍ കഴിയുന്ന നിരവധി ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറണം. വന്‍തുക വാടകയിനത്തില്‍ നല്‍കിയാണ് കല്ലാച്ചി, നാദാപുരം ടൗണുകളില്‍  ഈ ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായെങ്കിലും ഗതാഗത യോഗ്യമായ റോഡില്ലാത്തതാണ് ഉദ്ഘാടനത്തിന് തടസമെന്നറിയുന്നു. റോഡിനുവേണ്ടി പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു.  സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കുകയും റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടയില്‍ ഒരു വ്യക്തി കോടതിയെ സമീപിച്ചത് റോഡ് വീതികൂട്ടല്‍ പണി തടസ്സപ്പെടാന്‍ കാരണമായിരുന്നു. ഈ വ്യക്തിയും ഇപ്പോള്‍ സ്ഥലം വിട്ടുനല്‍കിതോടെ റോഡ് ടാറിംഗിന് എസ്റ്റിമേറ്റ് തയ്യറാക്കി ടെണ്ടര്‍ വിളിക്കുകയും ചെയ്തു. മഴ മാറിക്കഴിഞ്ഞാല്‍ ഒരാഴ്ച കൊണ്ട് ടാറിംഗ് പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. കെട്ടിടത്തിന് വൈദ്യുതി കണക്ഷനും വാട്ടര്‍ കണക്ഷനും ലഭിക്കാന്‍  അപേക്ഷയും നല്‍കിയിട്ടുണ്ട്. റോഡ് ടാറിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുമെന്ന് എംഎല്‍എ പറഞ്ഞു.

Related posts