കാക്കനാട്: കളക്ടറേറ്റ് വളപ്പ് തെരുവുനായ്ക്കളുടെ താവളമാകുന്നു. കളക്ടറേറ്റ് വളപ്പിലെ ആള്‍സഞ്ചാരം കുറസ്ഥലങ്ങള് പൂര്‍ണമായും ഇവകളുടെ വിഹാരകേന്ദ്രമാണ്. ഒറ്റപ്പെട്ട് ആരെങ്കിലും അതുവഴി വന്നാല്‍ നായ്ക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ഓടിയെടുത്തും. മുപ്പതോളം നായ്ക്കളാണ് ഇപ്പോള്‍ കളക്ടറേറ്റ് വളപ്പില്‍ താവളമടിച്ചിരിക്കുന്നത്. കളക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിട്ടുള്ള തുരുമ്പിച്ച വാഹനങ്ങളാണ് ഇവയുടെ താമസസ്ഥലം. കൂടാതെ കുറ്റികാടുകളിലുമായി ഒളിച്ചിരിക്കുകയാണ്.
പകല്‍ മുഴുവന്‍ ഈ കേന്ദ്രങ്ങളില്‍ വിശ്രമവും ഉറക്കവുമാണ്്. കളക്ടറേറ്റിലെ കാന്റില്‍ നിന്നും കോഫി ഹൗസില്‍ നിന്നും പുറം തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ഇവയുടെ ആഹാരം. കളക്ടറേറ്റ് കാമ്പസില്‍ മാത്രമല്ല തൃക്കാക്കര മുനിസിപ്പല്‍ പ്രദേശങ്ങളിലെ കുറ്റിക്കാടുകള്ക്കുള്ളിലും പണിതീരാതെ കിടക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളിലും ആള് താമസമില്ലാത്ത എന്‍ജിഒ ക്വാര്ട്ടേഴ്സുകളിലുംഇപ്പോള് തെരുവുനായ ശല്യം വര്‍ധിച്ചിരിക്കുകയാണ്.
രാത്രിയില്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന ഇവ പരിസരത്തുള്ള വീടുകളിലെ കോഴികളും, ആടുകളേയും ആക്രമിക്കുന്നതും പതിവാണ്. കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളില്‍ പോകുന്നവരെയും ഇവ ആക്രമിക്കാറുണ്ട്. നഗരസഭയില്‍ ജനങ്ങള്‍ പരാതി കൊടുത്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. തെരുവുനായ ശല്യത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.