തൊടുപുഴ: വരികള്‍ ഇല്ലാതെ രചിക്കുന്ന കവിതയാണ് ഏതൊരു ചിത്രവും – വിശ്വപ്രസിദ്ധ ചിത്രകാരന് ഹൊറേസിന്റെ വാക്കുകളാണിത്. ഹൊറേസിന്റെ ഈ വാക്കുകളെ അന്വര്‍ഥമാക്കുന്നതരത്തില്‍ ചിത്രങ്ങളില്‍ കവിത വിരിയിക്കുകയാണ് കല്ലാനിക്കല് കിഴക്കാലായില്‍ റോണി എന്ന കുമാരമംഗലം എംകെഎന്‍എം സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥി. തനിക്ക് മുന്നില്‍ കാണുന്ന വ്യക്തികളുടെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത ഭാവചലനങ്ങള്‍ കാന്‍വാസില്‍ പകര്ത്തിആസ്വാദക ഹൃദയങ്ങളില്‍ അനുഭൂതിയുടെ നവ്യപ്രപഞ്ചം സൃഷ്ടിക്കുകയാണ് റോണി.
ഒരു കവിത വായിച്ച ആസ്വാദ്യതയാണ് റോണിയുടെ ഓരോ ചിത്രങ്ങള്ക്കുമെന്നാണ് ചിത്രരചനാ പ്രേമികളുടെ പക്ഷം. നാലു സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ ഉള്‍പ്പെടെ 150 ഓളം ചിത്രരചനാ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ റോണി സ്വന്തമാക്കിയിട്ടു ണ്ട്. ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് സൊസൈറ്റി ഫോര്‍ സര്‍വീസ് ഓഫ് ദി ഹാന്‍ഡ് എന്ന സംഘടന ഇന്ത്യയിലെ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 50 ചിത്രങ്ങളില്ലൊന്ന് റോണിയുടേതായിരുന്നു. ഈ കഴിഞ്ഞത് ഉള്‍പ്പെടെ മൂന്നു സംസ്ഥാന കലോത്സവങ്ങളില്‍ പെന്‍സില്‍ ഡ്രോയിംഗില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ കൊച്ചുകലാകാരന് കരസ്ഥമാക്കി.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ശങ്കറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ചിത്രരചനാ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും ഇന്റര്‍നാഷണല്‍ പീസ് പോസ്റ്റര്‍ മത്സരത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനവും റോണിയുടെ നേട്ടങ്ങളുടെ പട്ടികയിലെ പൊന്തൂവലുകളില് ചിലതുമാത്രം. രവിവര്‍മ്മ ചിത്രങ്ങളുടെ ഒരു ആരാധകന് കൂടിയായ റോണിയുടെ കൈയില്‍ രവിവര്‍മ്മ ചിത്രങ്ങളുടെ ശേഖരവും ഉണ്ട്. വെങ്ങല്ലൂരില്‍ മനോജ് എന്ന അധ്യാപകന്റെ കീഴില്‍ ചിത്രകല അഭ്യസിക്കുന്നുണ്ടെങ്കിലും ചിത്രകലയില്‍ കമ്പമുള്ള അച്ഛന് ലിന്സണ് ആണ് ആദ്യ ഗുരു.
ചിത്രകലയ്ക്കു പുറമേ സംഗീതത്തിലും കഴിവ് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റോണി അവധി ദിവസങ്ങളില്‍ തൃപ്പൂണിതുറയില്‍ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുന്നുണ്ട്. മുട്ടത്ത് രാഗം സ്റ്റുഡിയോ ഉടമയായ അച്ഛന് ലിന്‍സണും അമ്മ ബിന്ദുവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. ഏക സഹോദരന് റിച്ചുവും റോണിയുടെ വഴിയെ ചിത്രരചനയിലേക്കും സംഗീതത്തിലേക്കും കടന്നുവന്നിട്ടുണ്ട്; കലയുടെ ലോകത്ത് പുതുചക്രവാളം വിരിയിക്കാന്‍…