കീടങ്ങള്‍ പമ്പകടക്കും, താറാവുസേന വന്നാല്‍

duckകൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ താറാവിന്‍കൂട്ടങ്ങളെ ഇറക്കിവിടുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. നിലത്തുവീണ നെല്‍മണികളും ചെറുകീടങ്ങളും കൊത്തിപ്പെറുക്കി വിഹരിക്കുന്ന അവയുടെ കാഷ്ഠം മണ്ണില്‍ വീണ് വളമായും മാറുന്നു. നെല്‍പാടങ്ങളിലെ പ്രശ്‌നക്കാരായ ഷഡ്പദങ്ങളെ പലപ്പോഴും തുരത്തുക താറാവുകളാണ്. നെല്‍കൃഷി അടിസ്ഥാനമാക്കി നിരവധി താറാവു കര്‍ഷകരും കേരളത്തിലുണ്ട്. പറഞ്ഞുവരുന്നത് കേരളത്തിലെ കൃഷിരീതിയെക്കുറിച്ചല്ല. ഇന്ത്യയില്‍നിന്നു ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടുപോയ താറാവുകളില്‍നിന്നു പടര്‍ന്നു പന്തലിച്ച കൃഷിരീതിയെക്കുറിച്ചാണ്.

സമയം രാവിലെ 9.45, ആയിരക്കണക്കിന് ഇന്ത്യന്‍ റണ്ണര്‍ താറാവുകളുടെ ജോലിസമയം തുടങ്ങുന്നത് അപ്പോഴാണ്. മുന്തിരിത്തോപ്പുകളുടെ സംരക്ഷകരാണ് ഇവര്‍. മുന്തിരിച്ചെടികളുടെ ഇലമൊട്ടുകളെയും പൂമൊട്ടുകളെയും മുന്തിരിക്കുലകളെയും ആക്രമിക്കുന്ന ചെറിയ ഒച്ചുകളെ തിന്നൊടുക്കുകയെന്നതാണ് താറാവുകളുടെ കര്‍ത്തവ്യം. താറാവുകളെ ഉപയോഗിക്കുന്നതിനു മുമ്പ് ഈ മുന്തിരിത്തോപ്പുകളില്‍ കീടനാശിനിയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, കുറേ കാലമായി താറാവുകള്‍ ഇവിടെത്തെ മുന്തിരിച്ചെടികളുടെ സംരക്ഷണം ഉറപ്പാക്കിയപ്പോള്‍ കീടനാശിനികള്‍ തോട്ടത്തിനുള്ളിലേക്കു കയറ്റിയിട്ടില്ല.
നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ കീടങ്ങള്‍ക്കെതിരേ താറാവുകളെ ഉപയോഗിച്ചുവന്നിരുന്നു. പെന്‍ഗ്വിനുകളേപ്പോലെ എഴുന്നേറ്റു നടക്കുന്ന താറാവുകള്‍ക്ക് ചെറുപ്രാണികളെയും കീടങ്ങളെയും അനായാസം പിടിച്ചെടുക്കാന്‍ കഴിയും എന്നതാണ് മുന്തിരിത്തോപ്പുകളില്‍ ഇവയെ വ്യാപകമായി ഉപയോഗിക്കാന്‍ കാരണം.

1983ല്‍ ആറ് താറാവുകളുമായാണ് ദക്ഷിണാഫ്രിക്കയിലെ വെര്‍ഗനോയ്ഡ് വൈന്‍യാര്‍ഡിന്റെ 57 ഹെക്ടര്‍ മുന്തിരിത്തോപ്പില്‍ ഈ കീടനിയന്ത്രണമാര്‍ഗം പ്രയോഗിച്ചുതുടങ്ങിയത്. കീടനാശിനികള്‍ കുറച്ചതിനാല്‍ ഈ തോട്ടത്തിനു സര്‍ക്കാരിന്റെ അംഗീകാര നിബന്ധനകളില്‍ അധിക പോയിന്റും ലഭിച്ചു. ദിവസേന അര ഹെക്ടര്‍ സ്ഥലത്താണ് താറാവുകള്‍ ഇരതേടുക.

ലോകത്തുള്ള എല്ലാവിധ കൃഷിയിടങ്ങളിലും വ്യാപകമായി കീടനാശിനികള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കുവരെ കോട്ടം വരുത്തുന്നുണ്ട്. അനവധി കീടങ്ങള്‍ നശിക്കുന്നു. ഇവയില്‍ മിത്രകീടങ്ങളും ഉള്‍പ്പെടുമെന്നതിനാല്‍ താറാവുകള്‍ വളരെ ഫലപ്രദമായ കീടനിയന്ത്രണമാര്‍ഗമാണെന്നാണ് ഹോര്‍ട്ടികള്‍ച്ചറിസ്റ്റായ മാര്‍ലിസ് ജേക്കബ്‌സിന്റെ അഭിപ്രായം. മാത്രമല്ല കീടനാശിനികള്‍ക്കു ചെലവാകുന്ന തുക കുറയ്ക്കാനും താറാവുവളര്‍ത്തലില്‍നിന്നു അധിക വരുമാനവും ലഭിക്കുന്നുമുണ്ട്. പ്രകൃതിയെയും ചെറു പ്രാണികളെയും പ്രതികൂലമായി ബാധിക്കാത്തവിധത്തിലുള്ള കൃഷിരീതികള്‍ സുസ്ഥിരവികസനത്തിന്റെ പ്രധാനഘടകമാണെന്നാണ് ഇവിടത്തെ കര്‍ഷകരുടെ അഭിപ്രായം.

Related posts