ആയൂര്‍ : കെഎസ്ആര്‍ടിസി വേണാട് ബസിലെ ഡ്രൈവറെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍ ബിപിന്ബാബുവിനെ കയ്യേറ്റം ചെയ്ത കേസില്‍ തിരുവനന്തപുരം ഒറ്റശേഖരമംഗലം ആലംമ്പല്കോണം വടക്കുംകരവീട്ടില്‍ സോമനെ(52)യാണ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ ഓയൂര്‍ ചെങ്കുളം കുരിശുംമൂടിനുസമീപമാണ് സംഭവം.കൊട്ടാരക്കരയില്‍നിന്നും പാരിപ്പള്ളിയിലേക്കു സര്‍വീസ് നടത്തുന്നതിനിടെ മരുതമണ്‍പള്ളിയില്‍ നിന്നും ബസില്‍കയറിയ സോമന് കുരിശുംമൂട് പെട്രോള്‍പമ്പിന് സമീപം വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
തൊട്ടടുത്ത സ്റ്റോപ്പില്‍ നിര്‍ത്താമെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും പ്രകോപിതനായ സോമന് ഡ്രൈവറുടെ കൈയില്‍ കടന്നുപിടിച്ച് ചെകിട്ടത്ത് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യാത്രക്കാര്‍ക്ക് അപകടം സംഭവിക്കത്ത രീതിയില്‍ പെരുമാറിയതിനുമെതിരെ പൂയപ്പള്ളി പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.