ആലപ്പുഴ: കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വിപുലമാക്കേണ്ടതുണ്ടെന്ന് മുന്‍ യുഎന്‍ അംബാസഡറും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ഡോ. ടി.പി. ശീനിവാസന്‍. പി.ടി. ചെറിയാന് പാലത്ര അവാര്‍ഡ് ദാനം ആലപ്പുഴ കാര്മല്ഹാളില് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുഎഇയുമായി കേരളത്തിനുള്ളതു തൊഴിലാളിയും തൊഴില്‍ദാതാവുമായുള്ള ബന്ധമല്ല, പതിറ്റാണ്ടുകളിലൂടെ ആര്‍ജിച്ച വിശാസവും സാംസ്കാരികവുമായ സൗഹൃദവുമാണ്.
പ്രധനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം ചരിത്രത്തിലെ നാഴികക്കല്ലാണ്. യുഎഇയിലെ വ്യപാരരംഗത്തെ പ്രമുഖര്‍ കേരളത്തില്‍ മൂലധന നിക്ഷേപത്തിനു സന്നദ്ധരാകണം. ഇന്ത്യയിലെ ജനങ്ങളില്‍ മലയാളികളാണു യുഎഇയുമായി ഏറ്റവും ഇഴകിച്ചേര്‍ന്നു ജീവിക്കുന്നത്. അറബിഭാഷ അറിയുന്ന ഇന്ത്യന്‍ ജനവിഭാഗങ്ങളില്‍ കൂടുതല്‍പേരും മലയാളികളാണ്. കേരളത്തില്‍ അറബിക് സര്‍വകലാശാല എന്ന ആശയം തന്നെ ഇതോടനുബന്ധിച്ചു രൂപപ്പെട്ടതാണ്. അതിനെ സാമുദായിക പരമായി കാണേണ്ടതില്ല. മാനവരാശിക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന ഭീകരവാദത്തെ പ്രതിരോധിക്കാന്‍ യുഎഇയും ഇന്ത്യയും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെ പ്രമുഖ വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ജാസീംമുഹമ്മദ് ഇബ്രാഹിം അല്‍ഹസാവി അല്മിമിക്കു ചെറിയാന് പാലത്ര പുരസ്കാരം അദ്ദേഹം സമ്മാനിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പോള്‍ മണലില്‍ അധ്യക്ഷത വഹിച്ചു. ചെറിയാന് പാലത്ര രചിച്ച കാഴ്ച എന്ന സഞ്ചാരസാഹിത്യത്തിന്റെ രണ്ടാം എഡീഷന് ഡോ. ടി.എം. തോമസ് ഐസക് എംഎല്‍എ എസ്ഡി കോളജ് മാനേജര്‍ ജെ. കൃഷ്ണനു നല്കി ഗ്രന്ഥപ്രകാശനം നിര്‍വഹിച്ചു.
ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. നടേശന്, സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്ര, ട്രഷറര്‍ ഹാജി ഐ. ഇസ്മയില്‍കുട്ടി, പി.കെ. അയമുഹാജി, രാജന് തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെറിയാന് പാലത്രയുടെ ഏഴാംചരമ വാര്ഷികത്തോടും മേരിക്കുട്ടി ചെറിയാന്റെ 40-ാം ചരമദിനാചരണത്തോടനുബന്ധിച്ചു നിര്‍ധന ബാലികമാര്‍ക്കു കാതുകുത്തി സ്വര്‍ണ കമ്മലിടലും സഹായവിതരണവും നടന്നു.