കുറവിലങ്ങാട്: കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ മോഹം നടപ്പില്ലെന്നും കേരളത്തിന്റെ സംസ്കാരത്തിന് ആര്‍എസ്എസിനെ ഉള്‍ക്കൊള്ളാനാവില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. കടുത്തുരുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്കറിയ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി. ബിജെപിയുടെയും എന്‍ഡിഎയുടെയും നേതൃത്വം ആര്‍എസ്എസാണ്. വര്‍ഗീയതയിലും സംഘര്‍ഷത്തിലും കലാപത്തിലും ഹരംകൊള്ളുന്നവരാണ് ആര്‍എസ്എസുകാര്‍.
അധികാരത്തിലെത്താന്‍ ആര്‍എസ്എസ് പല മാര്‍ഗങ്ങളും തേടുന്നുണ്ട്. ജാതിസംഘടനയെ ഒപ്പം ചേര്‍ത്തായിരുന്നു ഒരു നീക്കം. ശ്രീനാരായണധര്‍മവും ആര്‍എസ്എസ് തത്വശാസ്ത്രവും തീര്‍ത്തും വിപരീതധ്രുവങ്ങളിലാണെന്ന് തെളിഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കൂട്ടുകെട്ടിന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ബിഡിജെഎസിന് രൂപം കൊടുത്തതിലൂടെ രൂപം കൊടുത്തവര്‍ക്ക് നേട്ടമുണ്ടാകും. എന്നാല്‍ ആര്‍എസ്എസിന് ഉദ്ദേശിക്കുന്ന ഗുണം കിട്ടില്ല. കത്തിക്ക് താഴെ കഴുത്ത് വയ്ക്കുന്നതുപോലെയാണ് എസ്എന്‍ഡിപി, ആര്എസ്എസിനടുത്തേക്ക് പോകുന്നതെന്നും പിണറായി പറഞ്ഞു.
സ്ഥലജലവിഭ്രമം ബാധിച്ച് മുഖ്യമന്ത്രി എന്തൊക്കെയോ പറയുകയാണെന്നും ഐടിമേഖല പിറകോട്ട് പോയത് ഇടതുമുന്നണിയുടെ കാലത്താണെന്ന് പറയുന്നത് കാരണം നിശ്ചയമില്ലാത്തതിനാലാണെന്നും പിണറായി കുറ്റപ്പെടുത്തി. രാജ്യത്ത് ആദ്യമായി ടെക്നോ പാര്‍ക്ക് കേരളത്തില്‍ ആരംഭിച്ചത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ്. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവിനെതിരേ കേസ് കൊടുക്കുമെന്ന് പറയുന്നത് വിരട്ടിനോക്കാമെന്ന മനോഭാവത്തിലാണെന്നും പിണറായി പറഞ്ഞു.