വാഷിംഗ്ടണ്‍: കോപ്പയില്‍ കുതിച്ചുകയറി ആതിഥേയരായ യുഎസ്എ സെമിയില്‍. ഇക്വഡോറിനെ ഒന്നിനെതിരേ രണ്്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണു യുഎസ്എ സെമിയിലെത്തിയത്. 22-ാം മിനിറ്റില്‍ ദെംപ്സെയും 65-ാം മിനിറ്റില്‍ സര്ദസും യുഎസ്എയ്ക്കായി ഗോള്‍ നേടിയപ്പോള്‍ 74-ാം മിനിറ്റില്‍ അരോയോയിലൂടെയായിരുന്നു ഇക്വഡോറിന്റെ ആശ്വാസഗോള്‍. രണ്്ടു ടീമിലെയും ഓരോരുത്തര് വീതം ചുവപ്പു കാര്‍ഡ് കണ്്ട മത്സരത്തില്‍ പത്തു പേരുമായിട്ടായിരുന്നു രണ്്ടു ടീമും കളി പൂര്‍ത്തിയാക്കിയത്. 1995നു ശേഷം ആദ്യമായാണു യുഎസ്എ സെമിയില്‍ എത്തുന്നത്.
മൂന്നാം മിനിറ്റില്‍ യുഎസ്എയുടെ മുന്നേറ്റതോടെയാണു മത്സരം ആരംഭിച്ചത്. എന്നാല്‍ അവസരം സര്‍ദസ് പുറത്തേക്ക് അടിച്ചുകളഞ്ഞു. ആറാം മിനിറ്റിലെ ഇക്വഡോറിന്റെ ആദ്യ മുന്നേറ്റവും 17-ാം മിനിറ്റില്‍ ലഭിച്ച അവസരവും ഇക്വഡോറിനു മുതലാക്കാനായില്ല. ഗോളിസ്ഥാനം തെറ്റി നില്‍ക്കെ വുഡിന്റെ നീക്കം കഷ്ടിച്ചാണ് എരാസോ വിഫലമാക്കിയത്.
തൊട്ടുപിന്നാലെ ദെംപ്സെയുടെ ഗോളെത്തി. ബോക്സിന്റെ വലതു ഭാഗത്തുനിന്നു വുഡ് പിന്നിലേക്കു നീട്ടിനല്‍കിയ പന്ത് ജെര്മൈന് ജോണ്‍സ് ബോക്സിലേക്കു ലോബ് ചെയ്തു കൊടുത്തു. കൃത്യമായി നിലയുറപ്പിച്ച ക്ലിന്റ് ദെംപ്സെയുടെ തലയ്ക്കു പിഴച്ചില്ല. ഗോളിയെ മറികടന്ന് പന്ത് വലയില്‍ ഭദ്രം. തൊട്ടുപിന്നാലെ ഇക്വഡോര്‍ സമനിലയ്ക്കു ശ്രമിച്ചെങ്കിലും അന്റോണിയോ വലന്‍സിയയുടെ നീക്കം ഗോളി തട്ടിയകറ്റി. 42-ാം മിനിറ്റിലും സമാനമായ മുന്നേറ്റം ലക്ഷ്യത്തിലെത്തിക്കാന്‍ ഇക്വഡോറിനായില്ല.
തൊട്ടുപിന്നാലെ യുഎസ്എ വീണ്്ടും ഗോളിനടുത്തെത്തി. മധ്യനിരയില്‍നിന്നു ലഭിച്ച പന്ത് ഓടിപിടിച്ചെടുത്ത് ദെംപ്സെ ബോക്സിലേക്കു നല്കിയ ക്രോസ് ഗോളിയുടെ കൈയിലേക്കു നീട്ടിനല്‍കി ബെഡോയ പാഴാക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈംമില് ലഭിച്ച മികച്ചൊരു അവസരം ഇന്നര്‍ വലന്‍സിയ ഗോളിയുടെ കൈയിലേക്ക് അടിച്ചുകൊടുത്തു. മത്സരത്തില്‍ ഇക്വഡോറിനു ലഭിച്ച മികച്ച അവസരങ്ങളില്‍ ഒന്നായിരുന്നു ഇത്.
രണ്്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്നര്‍ വലന്‍സിയ തുറന്ന പോസ്റ്റിനു മുന്നില്‍ ഒരു ഡൈവിംഗ് ഹെഡറിനു ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല. 52-ാം മിനിറ്റില്‍ ഇക്വഡോറിന്റെ അന്റോണിയോ വലെന്‍സിയ രണ്്ടാം മഞ്ഞക്കാര്‍ഡ് കണ്്ടു പുറത്തായി. യുഎസ്എയുടെ ജെര്മൈന് ജോണ്‍സിനു നേരിട്ടു ചുവപ്പുകാര്‍ഡും ലഭിച്ചു. ഇതോടെ ഇരുവശവും പത്തുപേരായി ചുരുങ്ങി. 65-ാം മിനിറ്റില്‍ യുഎസ്എയുടെ രണ്്ടാം ഗോളെത്തി. ദെംപ്സെയുടെ പാസ് ഗ്യാസി സര്‍ദസ് വലയിലെത്തിച്ചാണു യുഎസ് ലീഡ് ഇരട്ടിപ്പിച്ചത്.
ഇതോടെ ആക്രമണം ശക്തിപ്പെടുത്തിയ ഇക്വഡോര്‍ തുടര്‍ച്ചയായി യുഎസ്എ മുഖത്തേക്ക് അടിച്ചുകയറി. ഉടന്‍തന്നെ ഫലവും കണ്്ടു. അയോവി കൊറോസോ നീട്ടിനല്‍കിയ കോര്‍ണര്‍ കിക്ക് അരോയോ മിന ബുള്ളറ്റ് ഷോട്ടിലൂടെ ഗോളിലേക്കു പായിക്കുന്നതു നോക്കിനില്‍ക്കാനേ യുഎസ്എ താരങ്ങള്‍ക്കു കഴിഞ്ഞുള്ളു. അടുത്ത മിനിറ്റുകളില്‍ ഇക്വഡോര്‍ തിരമാല പോലെ യുഎസ്എ ഗോള്‍മുഖത്തേക്ക് അടിച്ചുകയറിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു.അര്‍ജന്റീന-വെനസ്വേല മത്സരത്തിലെ ജേതാക്കളെയാണു സെമിയില്‍ യുഎസ്എയ്ക്കു നേരിടേണ്്ടി വരിക. കാര്‍ഡ് കണ്്ടതിനാല് ആദ്യ ഇലവനിലെ നാലുതാരങ്ങള്‍ ഇല്ലാതെ യുഎസ്എയ്ക്കു കളിക്കേണ്്ടി വരും.