ചെറായി: വിനോദസഞ്ചാരകേന്ദ്രങ്ങളായ ചെറായി ബീച്ചിനെയും മൂന്നാറിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വീണ്ടും ആരംഭിച്ചു. ബീച്ച് പാലം തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍വ്വീസ് നിലച്ചു കിടക്കുകയായിരുന്നു. എന്നാല്‍ പാലം പണി പൂര്‍ത്തിയായിട്ടും സര്‍വീസ് പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയാറായില്ല. ഇതേ തുടര്‍ന്ന് എസ് ശര്‍മ്മ എംഎല്‍എ നിയമസഭയില്‍ വിഷയം കൊണ്ടുവന്നതിനെ തുടര്‍ന്നാണ് സര്‍വീസ് വീണ്ടും തുടങ്ങിയത്.
ചെറായി ബീച്ചില്‍ നടന്ന ചടങ്ങില്‍ എസ്. ശര്‍മ്മ എംഎല്‍എ സര്‍വ്വീസ് ഫഌഗ് ഓഫ് ചെയ്തു.രാവിലെ 6.50ന് മൂന്നാറില്‍ നിന്നും പുറപ്പെടുന്ന ബസ് ബീച്ചിലെത്തി 1.30 ന് തിരിച്ചുപോകും. വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് സമയക്രമം പുനര്‍നിശ്ചയിക്കുവാന്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി എംഎല്‍എ അറിയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്, പഞ്ചായത്തംഗം ഷിമ്മി പ്രീതന്‍, കെഎസ്ആര്‍ടിസി പറവൂര്‍ ഡിവിഷണല്‍ ഇന്‍സ്പെക്ടര്‍ ജോസ് അറക്കല്‍,വായനശാല സെക്രട്ടറി കെ.ബി.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.