ജീവനക്കാരിയായ വയോധികയെ വീട്ടിനുള്ളിലെ കക്കൂസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്നു സൂചന

CRIMEപട്ടാമ്പി: ക്ഷേത്ര ജീവനക്കാരിയായ വയോധികയെ വീട്ടിനുള്ളിലെ കക്കൂസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സൂചന. മരുതൂരില്‍ താമസിക്കുന്ന കുളപ്പുള്ളി വലിയവീട്ടില്‍ രാധ(69)യെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കെണ്ടത്തിയത്. എല്ലാദിവസവും രാവിലെ തൊട്ടടുത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുള്ള രാധയെ ചൊവ്വാഴ്ച ഒമ്പതുമണിയായിട്ടും കാണാതായതിനെത്തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കെത്തിയത്.

പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്.സുരേഷ്, എസ്‌ഐ ലെയ്‌സാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വോഷണം നടത്തി. വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയില്‍ കെണ്ടത്തിയതാണ് മരണം കൊലപാതകമാവാമെന്ന നിഗമനത്തിനു കാരണമായത്. വാതില്‍ അകത്തുനിന്നും അടച്ചിരുന്നില്ലെന്നാണ് ആദ്യം മൃതദേഹം കണ്ടവര്‍ പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്.

കാഷായവസ്ത്രധാരിയായി പരിപൂര്‍ണ ഭക്തയായി ജീവിച്ച രാധ ആത്മഹത്യ ചെയ്യാന്‍ ഇടയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും മൊഴി നല്‍കിയിട്ടുള്ളത്. സ്വയം തീകൊളുത്തി മരിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലാത്തതും മരണം കൊലപാതകമാണെന്ന സംശയത്തിലേക്കു വിരല്‍ ചൂണ്ടുന്നു. മറ്റെവിടെയെങ്കിലും വച്ചു കൊലപ്പെടുത്തിയതിനുശേഷം വീട്ടില്‍ കൊണ്ടിട്ടതാണോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പു തൊണ്ടിയന്നൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. വയോധികയുടെ മരണത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം കൊലപാതകമാണെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related posts